രാജ്യതലസ്ഥാനത്ത് നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാരായ വിദ്യാര്‍ഥികളോട് അല്‍പം കൂടി ക്ഷമ കാണിക്കാന്‍ അഭ്യര്‍ഥിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമരമുഖത്തുളള വിദ്യാര്‍ഥികളോട് സര്‍ക്കാരിലും ഭരണസംവിധാനങ്ങളിലും വിശ്വാസമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട താരം പരിഹാരത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ശിഖര്‍ ധവാന്‍റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ താരത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.
ശിഖര്‍ ധവാന്‍റെ കുറിപ്പ് ഇങ്ങനെ..
'നമ്മുടെ യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അവരുടെ സ്വപ്നങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്, അതേസമയം പ്രയാസകരമായ സമയങ്ങളിൽ ക്ഷമ കാണിക്കുന്നതും രാജ്യത്തെ സ്ഥാപനങ്ങളിലും സർക്കാരിലും വിശ്വാസം നിലനിർത്തുന്നതും അത്രതന്നെ പ്രധാനമാണ്. ഏതൊരു വെല്ലുവിളിക്കുമുള്ള പരിഹാരം ക്ഷമയില്‍ നിന്ന് ഉയർന്നുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യ എപ്പോഴും മുന്നോട്ട് പോയിട്ടുണ്ട്, ഭാവിയിലും പുരോഗമിച്ചുകൊണ്ടുതന്നെ ഇരിക്കും' ശിഖര്‍ ധവാന്‍ കുറിച്ചു.
അതേസമയം ഭാവിതലമുറയെ പിന്തുണയ്ക്കേണ്ട ശിഖര്‍ ധവാനെപ്പോലുളളവര്‍ നീതി നിഷേധിക്കുന്ന സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കാന്‍ പറയുന്നത് തീര്‍ത്തും അപലപനീയമാണെന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ അഭിപ്രായം. ശിഖര്‍ ധവാന്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ചിലര്‍ കമന്‍റ് രൂപത്തില്‍ രേഖപ്പെടുത്തി. ഇത്രയും വലിയ പരീക്ഷാ ക്രമക്കേട് രാജ്യത്ത് നടന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ചിരിക്കാന്‍ തങ്ങള്‍ ശിഖര്‍ ധവാനെ പോലെ മണ്ടന്‍മാരല്ലെന്നും കമന്‍റുകളുണ്ട്.