Untitled design - 1

നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത സമരം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ എംപിമാരും പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു. 'കാവൽക്കാരൻ കള്ളൻ' എന്ന മുദ്രാവാക്യം വീണ്ടും മുഴങ്ങിയതോടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ബലപ്രയോഗം നടത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. 

രാഹുല്‍ഗാന്ധിയേും അഖിലേഷ് യാദവിനേയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു. രാഹുലിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഇതോടെ റോഡില്‍ക്കിടന്ന് പ്രതിഷേധിച്ചു. ഒടുവില്‍ രാഹുലിനെ വാഹനത്തിലേക്ക് പൊക്കിയെടുത്താണ് കയറ്റിയത്. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. 

 

Also Read: സ്വകാര്യഭാഗത്ത് ലാത്തി കൊണ്ട് കുത്തിയും കടന്നുപിടിച്ചും പൊലീസ്; സമരമുഖത്ത് അരക്ഷിതരായി സ്ത്രീകള്‍


പ്രധാനമന്ത്രിയുടെ വസതിക്ക് പൊലീസ്, ദ്രുതകർമസേന സുരക്ഷാ വലയം തീർത്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ അനുനയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങി. കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി പി.സി.വിഷ്ണുനാഥ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ഡീൻ കുര്യാക്കോസ് എംപിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരും  സമരവേദിയിലെത്തിയിരുന്നു.

 

ശക്തമായ സമരവുമായി സിജെപി മുന്നോട്ട്

 

പാർലമെൻറ് മാർച്ചിനിടെ തകർത്ത സമരപ്പന്തൽ പുനഃസ്ഥാപിച്ച് ശക്തമായ സമരവുമായി സിജെപി മുന്നോട്ട്. പോലീസ് നടപടിക്ക് പിന്നാലെ സമരത്തിൽ ജനപങ്കാളിത്തം ഏറി. അക്രമം അഴിച്ചുവിട്ടത് പോലീസ് ആണെന്നും ജന്തർമന്തർ വിട്ട് ഇനി ചർച്ചയ്ക്കായി പോകില്ലെന്നും സിജെപി വക്താവ് അശുതോഷ് രങ്ക മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ  ഇന്നലത്തെ പൊലീസ് നടപടിയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമരക്കാരെ രാഹുല്‍ ഗാന്ധി ആര്‍.എം.എല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇടതുഎം.പിമാര്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തി

 

പോലീസ് ലാത്തി ചാർജിലും കണ്ണീർ വാതകപ്രയോഗത്തിലും പരിക്കേറ്റ നിരവധി പേർ ഇന്ന് സമരപ്പന്തൽ എത്തിയിട്ടുണ്ട്. സിജെപി സ്ഥാപകൻ അഭിജിത്ത് ദിപ്കെയുടെ നേതൃത്വത്തിൽ തന്നെയാണ് സമരം. നിരവധി പ്രതിപക്ഷ നേതാക്കൾ സമരപ്പന്തലിൽ എത്തി. ഇന്നലത്തെ ചർച്ച കേന്ദ്രസർക്കാർ സമയം പാഴാക്കാൻ നടത്തിയതാണെന്നും മറുപടിയില്ലാത്തതിനാൽ ധർമ്മേന്ദ്രപ്രധാന്റെ രാജി വരെ സമരം തുടരുമെന്നും സിജെപി. ചർച്ചയ്ക്കായി പോയപ്പോഴാണ് വേദിയടക്കം പോലീസ് പൊളിച്ചത് എന്നതിനാൽ ജന്തർ മന്തർ വിട്ട് പോകേണ്ട എന്നാണ് തീരുമാനം

 

പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ,ഗൂഢാലോചന അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 70 പേർ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. പരുക്കേറ്റത് 118 സേനാംഗങ്ങൾക്കും 60 പ്രതിഷേധക്കാർക്കും ആണെന്നും നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

സമരത്തിനിടെ 12 വയസ്സുകാരിക്ക് പരിക്കേറ്റതിൽ  അന്വേഷണത്തിന് ഉത്തരവിട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. നിലവിൽ രാഷ്ട്രീയം ലക്ഷ്യമിടുന്നവരാണ് പ്രതിഷേധരംഗത്തുള്ളതെന്നും യഥാർത്ഥ വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് ക്ലാസുകളിലേക്ക് മടങ്ങിയെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം

 

ഇതിനിടെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷ ക്രമക്കേടും സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കക്ഷി നേതാക്കൾ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു. തന്റെ വീഴ്ചകൾ വിദ്യാഭ്യാസ മന്ത്രിസഭയിൽ  വിശദീകരിക്കണം. ഈയാഴ്ച സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് എം.പിമാർ മാർച്ച് നടത്തുമെന്നും പ്രതിപക്ഷം നിലപാടെടുത്തു. രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗവും ചേർന്നു. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. പരീക്ഷ ക്രമക്കേടിൽ വിദ്യാർഥികൾക്ക് പ്രയാസം നേരിടേണ്ടി വന്നു. പക്ഷേ ഇത് മുതലെടുത്ത് കുട്ടികളെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ഇക്കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

 

ENGLISH SUMMARY:

Rahul Gandhi, Priyanka Gandhi, and Akhilesh Yadav were detained by police following a massive protest near the Prime Minister's residence over NEET exam irregularities and paper leaks