**EDS: THIRD PARTY IMAGE; SCREENGRAB VIA SANSAD TV** New Delhi: Union Home Minister Amit Shah speaks in the Lok Sabha during the second part of Budget session of Parliament, in New Delhi, Wednesday, March 11, 2026. (Sansad TV via PTI Photo)(PTI03_11_2026_000371B)
വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. ജൂലൈ 20 തിന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്റെ മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിക്കും.
ദേശീയ അഭിമാനത്തോടുള്ള അപമാനം തടയൽ (ഭേദഗതി) ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരിക്കും സഭയില്‍ അവതരിപ്പിക്കുക. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ബില്‍ പാസായാല്‍ വന്ദേമാതരം ആലപിക്കുന്ന സമയത്ത് മനഃപൂർവ്വം തടസപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാകും. മൂന്നു വര്‍ഷം തടവോ പിഴയോ രണ്ടും ചേര്‍ന്ന ശിക്ഷയോ ആണ് ഇതിന് വ്യവസ്ഥ ചെയ്യുന്നത്. ദേശീയ ഗാനം, ദേശീയ പതാക, ഭരണഘടന എന്നിവ പോലുള്ളവയുടെ പട്ടികയിലേക്ക് വന്ദേമാതരവും ഉൾപ്പെടുത്തും.
കഴിഞ്ഞ സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പരാജയപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ കേന്ദ്രം ഇത്തവണ വീണ്ടും അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പട്ടികയില്‍ ഇവയെ പറ്റി പരാമര്‍ശമില്ല. അതേസമയം കഴിഞ്ഞ സഭാ സമ്മേളനത്തില്‍ വിവാദമായ എഫ്സിആര്‍എ ഭേദഗതി ബില്‍ വീണ്ടും അവതരിപ്പിക്കും. വർഷകാല സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്കെടുക്കും. ബില്ലിനെ ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും വലിയരീതിയില്‍ എതിര്‍ത്തിരുന്നു.
ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ ഇത്തവണത്തെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ടു വർഷത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ജനന-മരണങ്ങൾ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിലൂടെ മാത്രമേ ഇനി രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നതാണ് ബില്‍ പറയുന്നത്. നേരത്തെ ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ അനുമതി മതിയാകുമായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്നും 37 ആക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ബില്‍.