കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലാപനം. ദേശീയഗീതത്തിന്റെ ബാന്റ് മേളമാണ് വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് മുന്നോടിയായി അവതരിപ്പിച്ചത്. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി പൊതുവെ സ്വീകാര്യമായ ആദ്യ ഭാഗം മാത്രമാണ് അവതരിപ്പിച്ചത്.  ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയുടെ പ്രോട്ടോകോള്‍ പ്രകാരമായിരുന്നു വന്ദേമാതരത്തിന്റെ ആലാപനം. 

 

വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് ഗവര്‍ണര്‍. വന്ദേമാതരം മുഴുവന്‍ പാടണമായിരുന്നു, ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.  എന്തുകൊണ്ട് പാടിയില്ല എന്ന് സ്പീക്കറോട് ചോദിച്ചു. വിശദീകരണം ചോദിക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു 

 

സഭയില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ വിവാദം. ഗവര്‍ണറെ സര്‍ക്കാര്‍ അപമാനിച്ചെന്ന് ബിജെപി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം ആലപിക്കണം എന്ന നിയമം ലംഘിക്കപ്പെട്ടെന്ന് വി.മുരളീധരന്‍ പറഞ്ഞു.   ദേശീയ ഗീതത്തെയും  ലോക്ഭവനെയും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത് . ജമാ അത്തെ ഇസ്‍ലാമിക്കും സിപിഎമ്മിനും സര്‍ക്കാര്‍ വഴങ്ങിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 

 

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് പ്രതിപക്ഷ പിന്തുണ. രണ്ട് ഈരടികള്‍ ചൊല്ലുന്നതില്‍ കുഴപ്പമില്ലെന്നും മുഴുവന്‍ ചൊല്ലുന്നത് ആര്‍എസ്എസ് അജന്‍ഡയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. വന്ദേമാതരത്തില്‍ എഴുന്നേറ്റുനില്‍ക്കേണ്ട കാര്യമില്ലെന്നും പിണറായി. 

ENGLISH SUMMARY:

Ahead of the VD Satheesan government's first policy address, the initial part of Vande Mataram was performed by a musical band in the Kerala Assembly.