പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്  പതിനാറുകാരിയെ യുവാവ് ക്രൂരമായി കുത്തിക്കൊന്നു. കൊൽക്കത്ത  ഹൗറയിലെ ആൻഡുലിലുള്ള മഹിബാരി ഖാതിർ ബസാറിലെ ചാന്ദ്‌നിബാഗൻ പ്രദേശത്താണ് സംഭവം. ഇതെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കേസ് അന്വേഷിക്കുന്ന ഡോംജൂർ പൊലീസ് നല്‍കുന്ന വിവരങ്ങൾ അനുസരിച്ച്, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പ്രതിയായ സമീർ ദാസ് ആക്രമിച്ചത്. പെൺകുട്ടിയുടെ കഴുത്തിലും കൈയിലും വയറിലും കത്തികൊണ്ട് നിരവധി തവണ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി റോഡിൽ വീഴുകയും വലിയ അളവിൽ രക്തം വാർന്നുപോവുകയും ചെയ്തു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനാൽ ഹൗറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അമിതരക്തസ്രാവത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്.

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഇരുപത്തിനാലുകാരനായ പ്രതിയെ തടഞ്ഞുവെച്ച് മർദിക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പരുക്കേറ്റ പ്രതിയെ ആദ്യം ഡോംജൂർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മുർഷിദാബാദ് ജില്ലയിലെ മയൂരേശ്വർ സ്വദേശിയായ സമീർ ദാസ് ഡോംജൂരിലെ ഒരു ഫാക്ടറിയിലെ തൊഴിലാളിയാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതി പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് തുടര്‍ച്ചായി നിരസിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം. പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സംഭവത്തിന് പിന്നിലെ എല്ലാ കാരണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംഭവത്തെ തുടർന്ന് ആൻഡുൽ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയും ഭീതിയും നിലനിൽക്കുകയാണ്. വിവരമറിഞ്ഞ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Teenager Brutally Murdered in Kolkata After Rejecting Love Proposal:

A teenage girl was brutally stabbed to death in Kolkata after rejecting a love proposal. Authorities are investigating the horrific crime and have deployed police to maintain order in the area