അസമിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. അസം സ്വദേശിയായ ഷെഫീഖുൾ ഇസ്‌ലാമാണ് എറണാകുളം റൂറൽ പൊലീസിന്റെ പിടിയിലായത്. ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു ഇയാളുടെ ലഹരി കടത്ത്.
ലഹരി സംഘങ്ങൾക്കിടയിൽ ദാദയെന്നാണ് ഷെഫീഖുൾ ഇസ്‌ലാമിന്റെ വിളിപ്പേര്. അസമിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ എത്തിക്കുന്ന പ്രധാനിയാണ് ഇയാൾ. പെരുമ്പാവൂർ , ആലുവ കേന്ദ്രീകരിച്ച് ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു ഷെഫീഖുളിന്റെ ലഹരി വ്യാപാരം. ഒരു മാസം മുൻപ് അങ്കമാലിയിൽ 609 ഗ്രാം ഹെറോയിനുമായി മൂന്നു പേർ പിടിയിലായിരുന്നു.
അസമിൽ നിന്ന് കാറിൽ ഹെറോയിനുമായി എത്തിയ ഇവരിൽ നിന്നാണ് ഷെഫീഖുളിലേക്ക് പൊലീസ് എത്തിയത്. ലക്ഷങ്ങളാണ് ഷെഫീഖുളിന്റെ അക്കൗണ്ടിലേക്ക് ലഹരി വിൽപ്പനയിലൂടെ എത്തിയിരുന്നത്. അസമിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ നിറച്ച് വിതരണക്കാരിലേക്ക് എത്തിച്ചു നൽകും ഇതിനായി ഇതര സംസ്ഥാന തൊഴിലാളികളെയൊണ് ഷെഫീഖുൾ ഉപയോഗിച്ചിരുന്നത്.
ലഹരി വിൽപ്പനയിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമായിരുന്ന ഇയാളുടേത്. അസമിലേക്കും തിരികെ കൊച്ചിയിലേക്കും വിമാന മാർഗമായിരുന്നു യാത്രകൾ പോഞ്ഞാശേരിയിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ട് ചാക്ക് നിറയെ ഹെറോയിൻ നിറയ്ക്കാൻ ഉപയോഗിക്കുന്ന ചെറിയ ബോട്ടിലുകളും പിടികൂടി.