മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 48 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന്റെ കൈവരി ചെറിയൊരു തള്ളിൽ തന്നെ ഇളകി താഴെ വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലാകുന്നു. ഇതോടെ നിർമാണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി വ്യാപക വിമർശനമാണ് ഉയരുന്നത്. 

വൈറലായ വീഡിയോയിൽ പ്രദേശവാസിയായ ദുർഗാദാസ് ലാംബ് തന്റെ കാലുകൊണ്ട് പാലത്തിന്റെ കൈവരി നേരിയ തോതിൽ തള്ളുന്നതാണ് കാണുന്നത്. നിമിഷങ്ങൾക്കകം കൈവരി എളുപ്പത്തിൽ വേർപെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയും ഉപയോഗിച്ച സാമഗ്രികളെയും കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയർന്നിരിക്കുന്നത്.

കൈവരി കൈകൊണ്ടോ കാലുകൊണ്ടോ ചെറിയൊരു സമ്മർദം ചെലുത്തിയാൽ പോലും തകർന്നുവീഴുന്ന രീതിയിലാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതിന്റെ തെളിവാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദുർഗാദാസ് ലാംബ് നിർമാണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ബീഡ് ജില്ലാ കളക്ടർ ഇടപെട്ട് പാലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും നിർമാണം ഏറ്റെടുത്ത കരാറുകാരനും മേൽനോട്ടം വഹിച്ച എന്‍ജിനീയർമാർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാവുകയാണ്.

ഈ പാലം ബിജെപി എംഎൽഎ നമിത മുണ്ടാഡയുടെ നിയമസഭാ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 48 ലക്ഷം രൂപ ചെലവഴിച്ച ഒരു പദ്ധതിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്. അതേസമയം, ഗ്രാമവാസികൾ ഉന്നയിച്ച ആരോപണങ്ങളോട് ജില്ലാ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

A newly constructed bridge railing in Maharashtra's Beed district has gone viral for easily breaking with a slight push, raising serious concerns about construction quality. Locals are demanding an impartial investigation and action against the contractor and engineers involved.