AI Generated Image
കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ തിങ്കളാഴ്ച പുലർച്ചെ പൊലീസ് കോൺസ്റ്റബിൾ ഭാര്യയെ വെടിവെച്ചുകൊന്നു. ഡൽഹി പൊലീസ് ഈസ്റ്റ് ഡിസ്ട്രിക്റ്റിലെ ആന്‍റി-ഓട്ടോ തെഫ്റ്റ് സ്ക്വാഡിൽ ജോലി ചെയ്യുന്ന മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (24) കൊലപ്പെടുത്തിയത്. പുലർച്ചെ 3 മണിയോടെ എല്‍ബിഎസ് ആശുപത്രിക്ക് സമീപമുള്ള നടുറോഡിൽ വെച്ചായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മനീഷ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇവർ വിനോദ് നഗറിലായിരുന്നു താമസം. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, പുലർച്ചെ 2 മണിയോടെ ഇരുവരും സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയിരുന്നു. യാത്രാമധ്യേ എൽബിഎസ് ആശുപത്രിക്ക് സമീപം വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മനീഷ് സ്കൂട്ടർ നിർത്തുകയും പ്രിയങ്ക പുറത്തിറങ്ങി രോഷാകുലയായി സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ മനീഷ് തോക്കെടുത്ത് പ്രിയങ്കയെ വെടിവെക്കുകയായിരുന്നു.
റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന പ്രിയങ്കയെ ആ വഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണ് കണ്ടത്. അദ്ദേഹം ഉടൻ തന്നെ പ്രിയങ്കയെ എൽബിഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
മനീഷ് ഭാട്ടിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾ രക്ഷപ്പെട്ട വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ദമ്പതികൾ തമ്മിൽ മുൻപും പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം ഞായറാഴ്ച രാത്രിയും ഇവർ തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഇവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്.