ഓപ്പറേഷന്‍ തൂഫാന് ചുവടുവച്ച് കര്‍ണാടകയിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. റൈസ് പദ്ധതിയുടെ ഭാഗമായി 'ബേഡ ബ്രോ' സന്ദേശത്തോടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കര്‍ണാടകയിലെത്തി ഡി.കെ.ശിവകുമാറിനെ നേരില്‍ കണ്ടതിന് പിന്നാലെയാണ് പ്രചാരണത്തിന് തുടക്കമായത്

 

കേരളത്തിൽ ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നേറുന്നതിനിടെ, അതിർത്തി സംസ്ഥാനമായ കർണാടകയും ലഹരി വിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ്. "ബേഡ ബ്രോ" അതായത് മലയാളത്തില്‍ വേണ്ട ബ്രോ എന്ന അര്‍ഥമുള്ള സന്ദേശവുമായി ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 

 

2028ഓടെ ലഹരിമുക്ത കർണാടക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ RISE പദ്ധതി നടപ്പാക്കുന്നത്. ശക്തമായ നിയമനടപടികൾക്കൊപ്പം ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ, പുനരധിവാസം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ലഹരി വിരുദ്ധ പോരാട്ടം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, ജനകീയ പ്രസ്ഥാനമായി അത് മാറണമെന്നും ഡി.കെ. ശിവകുമാർ ജനങ്ങളോട് പറഞ്ഞു.

 

ലഹരി കടത്തിനും വിതരണ ശൃംഖലകൾക്കുമെതിരെ അതിർത്തി മേഖലകളിൽ കൂടുതൽ ജാഗ്രതയും ഏകോപനവും കൊണ്ടുവരുമെന്ന് ഡി.കെ. ശിവകുമാര്‍ കര്‍ണാടകയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. കര്‍ണാടകയില്‍ ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്ന മലയാളികളുടെ എണ്ണവും കൂടുകയാണ്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലില്‍ 63 മലയാളികളാണ് ലഹരിമരുന്ന് കേസില്‍ പിടിയിലായി കഴിയുന്നത്. എന്നാല്‍ കേരളവും കര്‍ണാടകവും തമ്മിലുള്ള അതിര്‍ത്തി മേഖലകള്‍ കൂടുതലായത് ഒരു വെല്ലുവിളി കൂടിയാണ്.

ENGLISH SUMMARY:

Karnataka CM D.K. Shivakumar launches the 'Beda Bro' anti-drug initiative under the RISE project, following high-level coordination with Kerala's leadership.