അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തിരിമറിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ വിമര്‍ശിച്ച ആപ്പ് നേതാവ് അരവിന്ദ് കേജ്രിവാളിന് മറുപടിയുമായി ഡല്‍ഹി മന്ത്രി പർവേശ് വർമ്മ രംഗത്ത്. ലഖ്‌നൗവിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കവെയാണ് നിതിന്‍ നബീന്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സംസാരിച്ചത്. 'ഇന്ന് എനിക്ക് രാഹുൽ ഗാന്ധിയോടും അഖിലേഷ് യാദവിനോടും കേജ്‌രിവാളിനോടും പറയാനുള്ളത്, നിങ്ങളുടെ പൊള്ളയായ വാചകങ്ങളിൽ ആളുകൾ വീണുപോകാൻ മാത്രം ദുർബലമാണ് ഹിന്ദു മതം എന്ന് നിങ്ങൾ കരുതരുത്,' നിതിന്‍ നബീന്‍ പറഞ്ഞു.
പിന്നാലെ 'നിങ്ങള്‍ ആരാണ്' എന്നാണ് കേജ്രിവാള് നിതിന്‍ നബീന് മറുപടിയായി എക്സില്‍ കുറിച്ചത്. ഈ ചോദ്യത്തോടാണ് പര്‍വേശ് വര്‍മ തിരിച്ചടിച്ചത്. 'ദേശീയ അധ്യക്ഷൻ എന്നത് വളരെ വലിയ കാര്യമാണ്, പക്ഷേ നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ?,' എന്ന് കേജ്‌രിവാളിന്‍റെ പോസ്റ്റ് പങ്കുവച്ച് മന്ത്രി കുറിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കേജ്രിവാളിനെ പർവേശ് വർമ്മ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വി സൂചിപ്പിച്ചാണ് പര്‍വേശ് വര്‍മ കേജ്രിവാളിനെ പരിഹസിച്ചത്. കേജ്‌രിവാളിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ നിരാശയും അഹങ്കാരവുമാണ് കാണിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ് 46-കാരനായ നിതിൻ നബിൻ എന്നും രേഖാ ഗുപ്ത പറഞ്ഞു.