ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്. ഇന്ത്യന്‍ യൂസര്‍മാരുടെ ഫീഡില്‍ ഇത്തരം ദൃശ്യങ്ങളിലേക്കും പേജുകളിലേക്കും നയിക്കുന്ന പരസ്യങ്ങള്‍ വരെ നല്‍കുന്നുണെന്ന് ‘ബിബിസി – ഐ’ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി.
'റേപ്പ് വിഡിയോ', 'ചൈൽഡ് വിഡിയോ' തുടങ്ങിയ വാക്കുകൾ പരസ്യമായി ഉപയോഗിച്ചാണ് ഇൻസ്റ്റഗ്രാമിൽ ഇത്തരം പരസ്യങ്ങൾ നൽകിയിരിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് ഇത്തരം ദൃശ്യങ്ങൾ ഓഫര്‍ ചെയ്യുന്ന ടെലിഗ്രാം ചാനലുകളുടെ ലിങ്കുകളാണ് ഈ പരസ്യങ്ങളിൽ നൽകിയിട്ടുള്ളത്. വെറും 99 രൂപയ്ക്ക് വരെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്ന ചാനലുകളിലേക്ക് ഈ ലിങ്കുകൾ വഴി ഉപയോക്താക്കൾക്ക് എത്താനാകും.
ഓട്ടമേറ്റഡ് സംവിധാനങ്ങളുടെ പരാജയം: ഇൻസ്റ്റഗ്രാമിലെ എല്ലാ പരസ്യങ്ങളും അവയുടെ മോഡറേഷൻ സാങ്കേതികവിദ്യ വഴി പരിശോധിച്ച് അനുമതി നൽകിയ ശേഷമാണ് ലൈവ് ആകുന്നത്. എന്നാൽ, ഈ സുരക്ഷാ ക്രമീകരണങ്ങളെയെല്ലാം മറികടന്നാണ് ക്രൂരമായ ലൈംഗികാതിക്രമ ദൃശ്യങ്ങളുടെ പരസ്യങ്ങൾ പ്രചരിച്ചത്.
AI Image
ഇങ്ങനെയുള്ള പരസ്യങ്ങളെക്കുറിച്ച് ബിബിസി ഇൻസ്റ്റഗ്രാമിന് റിപ്പോർട്ട് നൽകിയെങ്കിലും, 24 മണിക്കൂറിന് ശേഷം ‘ഇത് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട് ബിബിസി ഔദ്യോഗികമായി മെറ്റയോട് പ്രതികരണം തേടിയതോടെ, അവർ ഒട്ടേറെ പരസ്യങ്ങൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ റദ്ദാക്കുകയും ലിങ്കുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടമേറ്റഡ് സിസ്റ്റം പൂർണ്ണമല്ലെന്നും, എല്ലാ നിയമലംഘനങ്ങളും മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് മെറ്റ പിന്നീട് പ്രതികരിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ ഉപയോഗം കൂട്ടിയതും ഹ്യൂമൻ മോഡറേറ്റർമാരുടെ എണ്ണം കുറച്ചതുമാണ് ഇത്തരം ഗുരുതര വീഴ്ചകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിബിസി അന്വേഷണം
ഉപയോക്താക്കൾ സെര്‍ച്ച് ചെയ്യാതെ തന്നെ ഇൻസ്റ്റഗ്രാം ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങൾ പ്രൊമോട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബിബിസി ഒരു വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. ലൈംഗിക ചുവയുള്ള പോസ്റ്റുകൾ പങ്കുവെക്കുന്ന 10 അക്കൗണ്ടുകളെ ഈ അക്കൗണ്ട് വഴി പിന്തുടർന്നു. ഒരാഴ്ചയ്ക്കകം ഈ അക്കൗണ്ടിന്‍റെ ഫീഡിൽ നഗ്നതാ പ്രദർശനവും വീഡിയോ കോളുകളും വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ വരാൻ തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളുടെ പരസ്യങ്ങളും ഇവയിലേക്കുള്ള ടെലിഗ്രാം ലിങ്കുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്തരം മുപ്പതോളം പരസ്യങ്ങളാണ് ബിബിസി കണ്ടെത്തിയത്.
ഇന്ത്യൻ നിയമപ്രകാരം മുതിർന്നവരുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ കൈമാറുന്നതും കടുത്ത ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് മുന്‍ ജഡ്‌ജി ജസ്റ്റിസ് മദൻ ലോകുർ ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം ഒരു ക്രിമിനൽ കുറ്റകൃത്യത്തിൽ പങ്കാളിയാകുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ബാധ്യതയിൽ നിന്ന് സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇന്ത്യൻ നിയമപ്രകാരം സംരക്ഷണം ഉണ്ടെങ്കിലും, പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയാൽ രാജ്യാന്തര റിപ്പോർട്ടിംഗ് സംവിധാനമായ നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (NCMEC)ൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്. തുടർന്ന് ഈ വിവരങ്ങൾ അതത് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കൈമാറും.
ഇത്തരത്തിൽ ലഭിക്കുന്ന സൈബർ ടിപ്‌ലൈൻ റിപ്പോർട്ടുകളിൽ (Cyber Tipline Reports) അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മെറ്റായുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് ഇത്തരം അലേർട്ടുകൾ ഏറ്റവും കൂടുതൽ ജനറേറ്റ് ചെയ്യപ്പെടുന്നത്. ക്രിമിനലുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് ടെലിഗ്രാമിലേക്ക് ഉപയോക്താക്കളെ വളരെ എളുപ്പത്തിൽ വഴിതിരിച്ചുവിട്ടാണ് ഇത്തരം മോഡറേഷൻ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.