AI Generated Image
ബിസിനസ് ആവശ്യങ്ങൾക്കായി വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി മെറ്റയുടെ പുതിയ പരിഷ്കാരം. ചാറ്റ്ജിപിറ്റി (ChatGPT), ക്ലോഡ് (Claude) തുടങ്ങിയ തേർഡ് പാർട്ടി എഐ മോഡലുകൾ ഉപയോഗിച്ച് വാട്സാപ്പിൽ ചാറ്റ്ബോട്ടുകൾ പ്രവർത്തിപ്പിക്കുന്ന ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് ഒക്ടോബർ 1 മുതൽ കനത്ത ഫീസ് ഈടാക്കാൻ മെറ്റ ഒരുങ്ങുന്നു. നിലവിൽ എഐ ഏജന്റുകൾക്ക് വാട്സാപ്പ് ഫീസ് ഈടാക്കുന്നില്ലെന്നിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.
മെറ്റയുടെ സ്വന്തം 'മെറ്റ എഐ' (Meta AI) ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടിയോളം തുക മറ്റ് എഐ മോഡലുകൾ ഉപയോഗിക്കുമ്പോൾ ബിസിനസ് ഗ്രൂപ്പുകൾ നൽകേണ്ടി വരും. ഇതോടെ ചെറുകിട-വൻകിട സംരംഭങ്ങൾക്ക് വാട്സാപ്പ് വഴിയുള്ള കസ്റ്റമർ കെയർ, ചാറ്റ്ബോട്ട് സേവനങ്ങൾ വരുംദിവസങ്ങളിൽ ഏറെ ചെലവേറിയതാകുമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എതിരാളികളെ പൂട്ടാൻ മെറ്റയുടെ തന്ത്രം?
ജൂലൈ 1-ന് പുറത്തിറക്കിയ വാട്സാപ്പ് ഡെവലപ്പർ ഡോക്യുമെന്റേഷൻ പ്രകാരമുള്ള സാംപിൾ കാൽക്കുലേറ്റർ പരിശോധിച്ചാൽ പുതിയ നിരക്കുകളുടെ വലിപ്പം വ്യക്തമാകും.
ചാറ്റ് ജിപിടി, ക്ലോഡ്, ക്വെന്‍ (ChatGPT, Claude, Qwen) തുടങ്ങിയ എഐ ബോട്ടുകള്‍ ഉപയോഗിച്ച് 10,000 സന്ദേശങ്ങൾ അയക്കാന്‍ മെറ്റ 968 ഡോളർ (ഏകദേശം 92,000 രൂപ) ഈടാക്കും. മെറ്റ എഐ (Meta AI) ആണ് ഉപയോഗിക്കുന്നതെങ്കില്‍ 400 മുതൽ 500 ഡോളർ വരെ (38,000 – 47,500 രൂപ) നല്‍കിയാല്‍ മതി. ഈ ഭീമമായ നിരക്ക് വ്യത്യാസം സ്വന്തമായി രൂപപ്പെടുത്തുന്ന ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷയായി വേണം കണക്കാക്കേണ്ടതെന്ന് ഈ രംഗത്തുള്ള ഇന്ത്യന്‍ സംരംഭകര്‍ പറയുന്നു. ഇത് നടപ്പായാല്‍ പല സംരംഭകരും വാട്സാപ് സേവനം ഉപയോഗിക്കുന്നത് തന്നെ അവസാനിപ്പിച്ചേക്കാം എന്നും അവര്‍ പറയുന്നു.
ഇന്ത്യന്‍ നിയന്ത്രണ ഏജന്‍സികള്‍ ഇടപെടുമോ?
മെറ്റയുടെ പുതിയ ബിസിനസ് നയം ഇന്ത്യയില്‍ നിയമക്കുരുക്കുകൾക്ക് വഴിയൊരുക്കിയേക്കാം. യൂറോപ്യൻ യൂണിയൻ (EU) സമാനമായ കേസില്‍ മെറ്റായ്ക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാട്സാപ്പിൽ ചാറ്റ്ജിപിറ്റി, ക്ലോഡ് തുടങ്ങിയ സേവനങ്ങള്‍ തടയുന്നതിലൂടെ മെറ്റ തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ നിരീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിഷയത്തില്‍ ഇടപെടാനുള്ള സാധ്യതയണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
AI Generated Image
വിപണിയിലെ മേധാവിത്വം ഉപയോഗിച്ച് മറ്റ് എതിരാളികൾക്ക് അവസരം നിഷേധിക്കുന്നത് 2002ലെ കോംപറ്റീഷന്‍ നിയമത്തിന് വിരുദ്ധമാണ്. എന്നാൽ, പൊതു ആവശ്യങ്ങൾക്കുള്ള ചാറ്റ്ബോട്ടുകൾക്ക് വാട്സാപ്പ് ബിസിനസ് എപിഐ (API) സൗജന്യമായി നൽകണോ എന്നതാണ് യൂറോപ്യൻ യൂണിയൻ പരിശോധിക്കുന്നതെന്നും, വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം എഐ സേവനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാൻ നിർമ്മിച്ചതാണെന്നുമാണ് വാട്സാപ്പിന്റെ വാദം.
കഴിഞ്ഞ ദിവസം വാട്സാപ്പ് അവതരിപ്പിക്കാൻ ഇരുന്ന 'യൂസർനെയിം' ഫീച്ചറിനെതിരെയും കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം നൽകുന്നത് സൈബർ കുറ്റവാളികൾക്ക് പ്രമുഖ വ്യക്തികളുടെയോ സർക്കാർ ഉദ്യോഗസ്ഥരുടെയോ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ വഴിയൊരുക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഐടി മന്ത്രാലയം മെറ്റായ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പരിശോധന പൂർത്തിയാകുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ റോളൗട്ട് ചെയ്യരുതെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.