insta-reel-trap

ഒരു വർഷം മുമ്പ് ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന സ്വർണ ഡയമണ്ട് ആഭരണങ്ങൾ വീട്ടിൽ നിന്ന് കാണാതായി. അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീട്ടുജോലിക്കാരിയായിരുന്ന വിമല ദേവിയെ വീട്ടുടമയ്ക്ക് സംശയമുണ്ടായിരുന്നെങ്കിലും അവർ കുറ്റം നിഷേധിച്ചതോടെ കേസ് മുന്നോട്ടുപോയില്ല. എന്നാല്‍ വീട്ടുജോലിക്കാരിയുടെ ഇന്‍സ്റ്റഗ്രാം റീലും വാട്സാപ് സ്റ്റാറ്റസും കണ്ടതോടെയാണ് കേസിന് തുമ്പുണ്ടായത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് കൗതുകകരമായ സംഭവം. 

അടുത്തിടെ വിമല ദേവി ഇൻസ്റ്റഗ്രാം റീലിലും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലും ധരിച്ചിരുന്ന ആഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുന്നത്. വിഡിയോ കണ്ട പരിചയക്കാരൻ വിവരം വീട്ടുടമയെ അറിയിക്കുകയും റീലിൽ കണ്ട ആഭരണങ്ങൾ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടവ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ച രാജ്പുർ പോലീസ് വിമലാ ദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇവരിൽ നിന്ന് ഡയമണ്ട് നെക്ലേസ്, സ്വർണ ലോക്കറ്റ്, മോതിരങ്ങൾ, പെൻഡന്റ് എന്നിവ ഉൾപ്പെടെ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് കണ്ടെടുത്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ അവസരം ലഭിച്ചപ്പോൾ മോഷ്ടിച്ചതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reports on a remarkable case where a housemaid's Instagram reels and WhatsApp status led to the recovery of stolen jewelry worth approximately 10 lakh rupees. This unusual clue helped police crack a year-old theft case in Dehradun, Uttarakhand.