കാനഡയിലെ അഞ്ചു വർഷത്തെ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്. തിരികെ നാട്ടിലെത്തിയപ്പോൾ നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദവും ഒറ്റപ്പെടലും തന്റെ റെഡിറ്റ് പോസ്റ്റിലൂടെയാണ് ഈ 26-കാരൻ പങ്കുവെച്ചത്.
എന്തുകൊണ്ടാണ് സ്വന്തം നാട്ടിലേക്കുള്ള മടങ്ങിവരവ് ഇത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നതിന്റെ കാരണം വിദ്യാർത്ഥി തന്റെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. കാനഡയിൽ പഠനത്തിനായി പോയ തനിക്ക് സ്ഥിരതാമസത്തിനായുള്ള പെർമനന്റ് റെസിഡൻസി അഥവാ പി.ആർ. ലഭിക്കാതെ വന്ന സാഹചര്യമാണ് അഞ്ച് വർഷത്തിനുശേഷം മടങ്ങിപ്പോരേണ്ടി വന്നതെന്ന് ഇയാൾ പറയുന്നു.
താൻ കാനഡയിൽ ആയിരുന്ന സമയം കുടുംബത്തെയും സുഹൃത്തുക്കളെയും ഒരുപാട് മിസ് ചെയ്തിരുന്നു. എന്നാൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ നേരിട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത ചില അനുഭവങ്ങളായിരുന്നു. ആദ്യം തന്നെ തനിക്ക് നഷ്ടപ്പെട്ടത് സ്വകാര്യതയാണ്. എല്ലാവർക്കും മറ്റുള്ളവരുടെ ജീവിതത്തിൽ അമിത താൽപര്യമാണെന്ന് അദ്ദേഹം പറയുന്നു. എവിടെ ചെന്നാലും കേൾക്കുന്നത് ഒരേ ചോദ്യങ്ങൾ. കല്യാണം ആയില്ലേ? കല്യാണം എപ്പോഴാണ്?
26 വയസ്സ് മാത്രമുള്ള തന്നോട് ആളുകൾക്ക് അതല്ലാതെ മറ്റൊന്നും ചോദിക്കാൻ ഇല്ലേ എന്ന തോന്നലാണ് ഉണ്ടായത്. പക്ഷേ, ഏറ്റവുമധികം വേദനിപ്പിച്ചത് തനിക്ക് വരുമാനമില്ലാതായതോടെ ആളുകളുടെ പെരുമാറ്റത്തിൽ വന്ന മാറ്റമാണ്. കാനഡയിൽ ആയിരുന്നപ്പോൾ മാസംതോറും വീട്ടിലേക്ക് പണം അയച്ചിരുന്നു. പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവും താനായിരുന്നു അടച്ചത്. അതോടൊപ്പം വീട്ടുചെലവിനും ഇ.എം.ഐ. അടയ്ക്കാനും പണം അയക്കും. അന്ന് എല്ലാവർക്കും സ്നേഹമായിരുന്നുവെന്നും ഇന്ത്യയിലേക്ക് മടങ്ങിയതോടെ ആളുകളുടെ സമീപനത്തിൽ മാറ്റമുണ്ടായെന്നും പോസ്റ്റിൽ പറയുന്നു.
ഈ സമയത്ത് തന്റെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ച സ്വന്തം അമ്മ പോലും തള്ളിപ്പറഞ്ഞു. തന്റെ അധ്വാനക്കുറവാണ് പി.ആർ. കിട്ടാതിരുന്നതിന് കാരണമെന്നും കാനഡയിൽ പോയതുതന്നെ പണം പാഴാക്കാനായിരുന്നെന്നും അമ്മ പറഞ്ഞു. നമ്മുടെ വില നമ്മൾ എവിടെയാണ് താമസിക്കുന്നത്, എത്ര പണം സമ്പാദിക്കുന്നു എന്നതിനെ ആശ്രയിച്ചാണോ നിർണയിക്കുന്നത് എന്ന തോന്നലാണ് ഇപ്പോൾ. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെപ്പേർ യുവാവിന് പിന്തുണയുമായി എത്തി. സമാന അനുഭവങ്ങൾ പങ്കുവെച്ചും ആശ്വാസവാക്കുകൾ പറഞ്ഞുമാണ് അവർ പോസ്റ്റിനോട് പ്രതികരിക്കുന്നത്.