പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും യാത്ര ചെയ്യുമ്പോൾ സൗകര്യത്തോടെ ഇരിക്കാൻ പറ്റിയ സീറ്റ് അല്ലെങ്കിൽ ഒരു വിൻഡോ സീറ്റ് കിട്ടുമോ എന്നോർത്ത് എപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? യുകെയിൽ നടന്ന ഏറ്റവും പുതിയ പഠനം അനുസരിച്ച് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങളെയും അലട്ടുന്ന ഒരു മാനസികാവസ്ഥയായി മാറുകയാണ് ഈ 'സീറ്റ് ആൻക്സൈറ്റി' അഥവാ ഇരിപ്പിടത്തെക്കുറിച്ചുള്ള അമിതമായ ആശങ്ക.
യുകെയിലെ പ്രമുഖ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ നൂമാൻ (Numan) മൂവായിരത്തോളം ബ്രിട്ടീഷ് പൗരന്മാരിൽ നടത്തിയ 'സീറ്റ് ആൻക്സൈറ്റി ഇൻഡക്സ്' എന്ന സർവേയിലാണ് ഈ വിവരങ്ങളുള്ളത്. യാത്ര ചെയ്യുമ്പോഴോ പുറത്തുപോകുമ്പോഴോ തങ്ങൾക്ക് ഇഷ്ട്ടപ്പെട്ട കൂടുതൽ കംഫർട്ടബിൾ ആയ ഒരു സീറ്റ് കിട്ടില്ലേ എന്ന ഭയം കാരണം ഭൂരിഭാഗം ആളുകളും മുൻകൂട്ടി നിശ്ചയിച്ച പ്ലാനുകൾ പോലും വേണ്ടെന്നു വെയ്ക്കുന്നുണ്ട്.
വിമാനങ്ങളിൽ യാത്രചെയ്യുന്നവർക്ക് മിഡിൽ സീറ്റുകളോടാണ് ഈ അമിത താൽപ്പര്യം ഉള്ളത്. അതിന് വേണ്ടി വലിയ തുക അധികം നൽകി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാനും എക്സ്ട്രാ ലെഗ്‌റൂമുള്ള സീറ്റുകൾ വാങ്ങാനും ആളുകൾ തയാറാവുകയാണ്. ശരാശരി 154 പൗണ്ട് വരെ ഒരു വ്യക്തി ഇതിനായി ചിലവാക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇതിനെയാണ് കംഫർട്ട് ടാക്സ് എന്ന് പറയുന്നത്.
യുകെയിലാകെ കണക്കാക്കിയാൽ വർഷം തോറും 1.4 ബില്യൺ പൗണ്ടാണ് പലപ്പോഴും ഈ കംഫർട്ട് ടാക്സ് ഇനത്തിൽ ആളുകൾ നൽകുന്നത്. അതേസമയം, 1990-കളേക്കാൾ വിമാനങ്ങളിലെയും ബസുകളിലെയും സീറ്റുകളുടെ വീതി രണ്ട് ഇഞ്ചോളം കുറഞ്ഞതും ആളുകളുടെ ശരീരഭാരവും വണ്ണവും കൂടിയതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും കേവലം ഒരു യാത്രാ പ്രശ്നം എന്നതിനേക്കാൾ ജനങ്ങളുടെ മാനസികാരോഗ്യത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയായി മാറുകയാണ് ഈ സീറ്റ് ആൻക്സൈറ്റി.