വയനാട് കള്ളാടി പുഴയ്ക്ക് പല ഭാവങ്ങളുണ്ട്. അതിൻ്റെ ശാന്തത വശ്യമനോഹരമാണ്. എന്നാൽ സൗമ്യമായൊഴുകുന്ന പുഴ, മഴക്കാലത്ത് ഭീകരരൂപിയായി മാറുമ്പോള്‍ തീരത്ത് ടാർപ്പായ കെട്ടി കഴിയുന്ന രാമുവും ആറു മക്കളും നിസ്സഹായരാവുകയാണ്. മഴ ഇരമ്പിയെത്തുമ്പോൾ കള്ളാടിപ്പുഴയുടെ ആഴവും ചുഴികളും നന്നായി അറിയാവുന്ന രാമുവിനെപ്പോലും പേടിപ്പിക്കും. കെട്ടുറപ്പില്ലാത്ത പാർപ്പിടവും അരവയർ പോലും നിറയ്ക്കാനില്ലാത്ത ദാരിദ്ര്യവും കൂടിയാകുമ്പോൾ വല്ലാത്ത ഒറ്റപ്പെടലാണ് ഇവര്‍ക്കിവിടെ.
സ്വന്തമെന്നു പറയാൻ ഇവർക്കുള്ളത് കള്ളാടി പുഴയുടെ കാരുണ്യത്തിലുള്ള ഒരു തുണ്ടുഭൂമി മാത്രമാണ്. അതിരുകളില്ലാത്ത ആകാശത്തിൽനിന്ന് അവരെ വേർതിരിച്ചുനിർത്തുന്നത് ഈ നീല ടാർപായ ആണ്. കാറ്റൊന്നു കനത്താൽ പാറിപ്പറക്കാനൊരുങ്ങുന്ന ഈ പ്ലാസ്റ്റിക് മേൽക്കൂരയ്ക്ക് കീഴിലാണ് രാമുവും ഭാര്യയും ആറ് മക്കളും അന്തിയുറങ്ങുന്നത്. തൊട്ടരികിലൂടെ ഒഴുകുന്ന പുഴയുടെ ഇരമ്പൽ എന്നുമൊരു പേടിസ്വപ്നമാണ്.
രാമുവിൻ്റെ മൂന്നു മക്കൾ പിറന്നു വീണത് ഈ കുടിലിലാണ്. ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാന സൌകര്യങ്ങൾ ഈ കുടുംബത്തിന് അന്യമാണ്. അതൊന്നും ആരും പറഞ്ഞുകൊടുത്തിട്ടുമില്ല. ഇവര്‍ക്ക് അതൊന്നും അറിയുകയുമില്ല.
കാറ്റും മഴയും കനക്കുമ്പോൾ പേടിച്ചുവിറങ്ങലിച്ചാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിലിൽ പുഴ കരകവിയുമ്പോൾ ഈ കൂരയ്ക്കുള്ളിലിരുന്ന് അവർ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിക്കും. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഓരോ മഴക്കാലവും മക്കളെ ചേര്‍ത്തുപിടിച്ച് രാമുവും ഭാര്യയും ഈ ഒറ്റമുറി കൂരയില്‍ തങ്ങും. ആരോടും പരിഭവം പറയാതെ.