AI Generated Image

വിവാഹിതനെന്ന് കാമുകി കണ്ടെത്തിയതിനെത്തുടര്‍ന്ന് 23കാരിയെ തീകൊളുത്തി കൊന്ന് യുവാവ്. ഗുരുഗ്രാമില്‍ ജൂണ്‍ 19നാണ് സംഭവം. പ്രതി 35കാരനായ സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ജജ്ജാര്‍ ഗബ്ബാന സ്വദേശിയാണ് പ്രതി സുനില്‍കുമാര്‍. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ദിവ്യ കതാരിയ എന്നു പേരായ യുവതിയെ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ചികിത്സക്കെത്തിച്ചിട്ടുണ്ടെന്ന് ആര്‍ട്ടെമിസ് ആശുപത്രി അധികൃതരാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ദിവ്യയെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

കേസില്‍ പരാതി നല്‍കുന്നില്ലെന്നായിരുന്നു യുവതിയും അമ്മയും ആദ്യം പൊലീസിനോട് പറഞ്ഞത്. അതിനിടെ ചികിത്സക്കിടെ ജൂണ്‍ 27ന് ദിവ്യ മരിച്ചു. തുടര്‍ന്ന് ബന്ധുവായ വികാസാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സുനില്‍ ആണെന്ന് ദിവ്യ നേരത്തേ അമ്മയോട് പറഞ്ഞിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് ആദ്യം പരാതി നല്‍കാതിരുന്നതെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്– ജൂണ്‍ 18ന് ദിവ്യ സുനിലിന്റെ സ്ഥാപനമായ ജ്വല്ലറിയിലെത്തി. സുനില്‍ വിവാഹിതനാണെന്ന കാര്യം അറിഞ്ഞായിരുന്നു ദിവ്യയുടെ വരവ്, തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കത്തിലേര്‍പ്പെട്ടു.  തര്‍ക്കം പരിഹരിക്കാനായി ദിവ്യ അന്ന് സോഹ്നാ റോഡിലുളള സെന്‍ട്രല്‍ പാര്‍ക്കില്‍ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യുകയും അന്നു രാത്രി അവിടെ കഴിയുകയും ചെയ്തു. പുലര്‍ച്ചെ ആയതോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമായി. തുടര്‍ന്നാണ് സുനില്‍ ദിവ്യയെ തീകൊളുത്തി കൊലപ്പെടുത്തിയത്. 

സ്വര്‍ണം വാങ്ങാനെത്തിയ ദിവ്യയെ ഒരു വര്‍ഷം മുന്‍പാണ് ജ്വല്ലറിയില്‍വച്ച് പരിചയപ്പെട്ടതെന്നും തുടര്‍ന്ന് പ്രണയത്തിലായിരുന്നെന്നും സുനില്‍ പൊലീസിനു മൊഴി നല്‍കി. ജ്വല്ലറിയില്‍ നിന്നും ഒരു മണ്ണെണ്ണ കാനും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. 

Gurugram Woman Set Ablaze by Lover After Marriage Revelation:

Gurugram murder case details the tragic incident where a 23-year-old woman was set on fire by her lover after she discovered he was married. The accused, Sunil Kumar, has been arrested and is in police custody.