Image: X, From the Video, @sirajnoorani

 ടെറ്റനസ്–ഡിഫ്തീരിയ രോഗങ്ങള്‍ക്കെതിരായ വാക്സീന്‍ എടുത്തതിനു പിന്നാലെ 17കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികില്‍ സംഘടിപ്പിച്ച പ്രതിരോധമരുന്ന് ക്യാംപിലാണ് സംഭവം. കുട്ടിയുടെ മരണത്തിനു പിന്നാലെ ഈ വാക്സീന്‍ ബാച്ച് വിതരണം നിര്‍ത്തിവച്ച അധികൃതര്‍ വിവിധ തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. 17കാരിയുടെ മരണത്തിനു പിന്നാലെ നാസിക് മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. 12.40നാണ് പെണ്‍കുട്ടിക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. തൊട്ടടുത്ത നിമിഷം തന്നെ തലകറക്കമനുഭവപ്പെട്ട കുട്ടി പുറകോട്ട് ചായുന്നതും പിന്നാലെ വീണ് മരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ക്യാംപിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ ഷോപ്പിനു മുന്‍വശത്തുവച്ചാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ പെണ്‍കുട്ടിക്ക് തലയ്ക്ക് പരുക്കേറ്റെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വാക്സിനേഷനാണ് മകളുടെ ജീവന്‍ കവര്‍ന്നതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തരവാദികളായവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്തെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം.

ഇതേ ക്യാംപില്‍വച്ച് മറ്റ് ആറുപേര്‍ക്കും ഇതേ വാക്സീന്‍ എടുത്തിരുന്നെന്ന് അധികൃതര്‍ പറയുന്നു. 16കാരിക്കും 10വയസുകാരനും നാല് ഗര്‍ഭിണികള്‍ക്കുമാണ് ടെറ്റനസ്–ഡിഫ്തീരിയ വാക്സീന്‍ എടുത്തത്. ഈ ആറുേപര്‍ക്കും ശാരീരിക അസ്വാസ്ഥ്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

അതേ സമയം 17കാരിക്കെടുത്ത വാക്സീന്‍ ബാച്ച് പിന്‍വലിച്ചതായും സാംപിള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അപകടമരണത്തിനു അമ്പട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്യാംപിലെത്തിച്ച 24 വാക്സീന്‍ വയല്‍സില്‍ 12എണ്ണം ഇതുവരെ ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഓരോ വയലിലും പത്ത് ഡോസ് വാക്സീന്‍ ആണ് ഉണ്ടാവുക. ഈ സെന്ററില്‍ നിന്നും ഏകദേശം 120 പേര്‍ക്ക് ഇതുവരെ പലവിധ വാക്സീനുകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

Tragic Death After Tetanus-Diphtheria Vaccine in Nasik:

A 17-year-old girl tragically died shortly after receiving a Tetanus-Diphtheria (TD) vaccine in Nasik, Maharashtra. Authorities have halted the distribution of the vaccine batch and initiated an investigation into the incident.