നിയമസഭയിലെ മുഖ്യമന്ത്രി വിജയ്യുടെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. പ്രസംഗത്തിനിടെ മുൻ മുഖ്യമന്ത്രി സ്റ്റാലിനെ പരാമർശിച്ച് "കുട്ടി സ്റ്റോറി" പറഞ്ഞ് വിജയ് പരിഹസിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിന്‍ കാണിച്ച മാസ് ആക്ഷൻ അനുകരിച്ചാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് മറുപടിയായി മുഖ്യമന്ത്രി സഭയേയും സിനിമാ തിയേറ്ററാക്കുകയാണ് എന്നാണ് ഉദയനിധി പറഞ്ഞത്.
ഓഡിയോ ലോഞ്ചിലും ട്രെയിലര്‍ ലോഞ്ചിലും ഇതാണ് അദ്ദേഹത്തിന്‍റെ പണി. അത് തന്നെയാണ് ഇവിടെയും കാണിക്കുന്നത്. സഭാമന്ദിരത്തെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റി. വിസിലടിക്കാന്‍ തുടങ്ങി. ഇനി ഡാന്‍സും കളിക്കുമെന്നാണ് വിചാരിക്കുന്നത്. പാട്ട് വച്ച് ഐറ്റം ഡാന്‍സ് കളിക്കുമായിരിക്കുമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു.
'മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചാല്‍ മനസിലാവും. അതില്‍ നിന്നും ഒരു പത്ത് റീല്‍ വരും. പ്ലാന്‍ ചെയ്ത് ചെയ്യുന്നതാണ്. എല്ലാം സ്ക്രിപ്റ്റഡാണ്. ആര്‍ട്ടിഫിഷ്യലായാണ് അദ്ദേഹം സംസാരിക്കുന്നത്. സഭയിലും വന്ന് അഭിനയിക്കുകയാണ്. സ്പീക്കറോട് അനുമതി വാങ്ങി ആക്ഷന്‍ കാണിക്കട്ടെ എന്ന് ചോദിക്കുന്നു. സ്പീക്കര്‍ ആക്ഷനും പറയുന്നു. ഇനി കാരവാനും സ്റ്റണ്ട് മാസ്റ്ററും വരും. നിയമസഭയെ ഒരു ഷൂട്ടിങ് സ്പോട്ടാക്കി മാറ്റി,' ഉദയനിധി പറഞ്ഞു.