യുക്രൈനിലെ സമാധന സേനയിലേക്ക് ഇന്ത്യന്‍ സൈനികരെ അയക്കാന്‍ നിര്‍ദ്ദേശിച്ച് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ്. ട്രംപ് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് വാന്‍സിന്‍റെ നിര്‍ദ്ദേശം. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകരായ മാഗി ഹാബര്‍മാന്‍, ജോനാഥൻ സ്വാൻ എന്നിവരുടെ പുതിയ പുസ്തകമായ 'റെഷീം ചേഞ്ച്: ഇൻസൈഡ് ദ ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡൊണാൾഡ് ട്രംപ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
ജനുവരി 30 തിന്‍റെ ഓവല്‍ ഓഫീസ് മീറ്റിങിലാണ് വാന്‍സിന്‍റെ നിര്‍ദ്ദേശം. റഷ്യ– യുക്രൈന്‍ സമാധാന ചര്‍ച്ചകളെ പറ്റിയായിരുന്നു ഈ സമയത്ത് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നത്. നാറ്റോ സൈനികരുടെ റിസ്ക് കുറയ്ക്കാന്‍ യൂറോപ്പിന് പുറത്തുള്ള സൈനികരെ ഉപയോഗിക്കാം എന്നാണ് വാന്‍സ് നിര്‍ദ്ദേശിച്ചത്. ഇന്ത്യ അല്ലെങ്കില്‍ സൗദി അറേബ്യ എന്നി രാജ്യങ്ങളുടെ പേര് വാന്‍സ് എടുത്തു പറഞ്ഞൂ എന്നും പുസ്തകത്തിലുണ്ട്. എന്നാല്‍ വാന്‍സിന്‍റെ നിര്‍ദ്ദേശത്തെ ട്രംപ് ചിരിച്ചുതള്ളി. ഇന്ത്യക്കാര്‍ ഇത് ചെയ്യില്ല, അവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് താല്‍പര്യം കാണിക്കില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
യോഗത്തില്‍ റിട്ട. ലഫ്. ജനറല്‍ കെല്ലോഗ് യുക്രൈന്‍– റഷ്യ യുദ്ധത്തിലെ യു.എസ് നിലപാടിനെ പറ്റി യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. 'പിടിച്ചെടുത്ത പ്രദേശങ്ങളില്‍ റഷ്യയുടെ അവകാശവാദങ്ങള്‍ യു.എസ് അംഗീകരിക്കില്ല. എന്നാല്‍ സൈനിക നടപടിയിലൂടെ ഈ സ്ഥലങ്ങള്‍ യുക്രൈന്‍ തിരിച്ചുപിടിക്കില്ല' ഇതായിരുന്നു നിര്‍ദ്ദേശം. ഫ്രാന്‍സ്, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ സൈനികരടങ്ങുന്ന സമാധാന സേനയെ യുക്രൈനിലേക്ക് അയക്കാനും കെല്ലോഗിന്‍റെ നിര്‍ദ്ദേശത്തിലുണ്ട്.
ഈ ചര്‍ച്ചയ്ക്കിടയിലാണ് വാന്‍സ് ഇടപെടുന്നത്. നാറ്റോ സൈനികരെ യുക്രൈനില്‍ ഇറക്കുന്നത് റഷ്യയെ ചൊടിപ്പിക്കുമെന്നുമെന്നാണ് വാന്‍സിന്‍റെ വാദം. ഇതിനു പകരമായി യൂറോപ്പിന് പുറത്തുള്ള കക്ഷികളെന്ന നിലയിലാണ് സൗദിയെയും ഇന്ത്യയെയും വാന്‍സ് നിര്‍ദ്ദേശിച്ചത് എന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.