വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ (എഫ്സിആർഎ) ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയ കേന്ദ്ര നടപടിയില്‍ സിബിസിഐയ്ക്ക് കടുത്ത അതൃപ്തി. കൂടുതല്‍ കൂടിയാലോചനങ്ങള്‍ക്ക് ശേഷം ഉച്ചയോടെ സിബിസിഐ നിലപാട് വ്യക്തമാക്കും. ചട്ടങ്ങള്‍ കേന്ദ്രം ഭേദഗതി ചെയ്തതോടെ വിദേശഫണ്ട് സ്വീകരിക്കുന്നത് എന്ത് ആവശ്യത്തിനെന്ന് ഇനി ബോധ്യപ്പെടുത്തേണ്ടിവരും. എഫ്സിആര്‍എ ലൈസന്‍സ് പുതുക്കണമെങ്കില്‍ രണ്ടുവര്‍ഷത്തിനിടെ പത്തുലക്ഷം രൂപയെങ്കിലും ചെലവഴിച്ചിരിക്കണമെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. ഇനി പൊതുവായ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും മാത്രം ചൂണ്ടിക്കാട്ടി വിദേശസംഭാവനയ്ക്ക് അനുമതി തേടാനാവില്ല. മതം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ 5 വിഭാഗങ്ങളിലായുള്ള 105 തരം പ്രവർത്തനങ്ങളിലൊന്നാണ് ലക്ഷ്യമെന്നു വ്യക്തമാക്കിയാലേ എഫ്സിആർഎ റജിസ്ട്രേഷൻ അനുവദിക്കൂ.
ഉദാഹരണത്തിന്, മത വിഭാഗത്തിൽ ആരാധാനലയങ്ങളുടെ നിർമാണവും പുനരുദ്ധാരണവും, വിശുദ്ധ ഗ്രന്ഥങ്ങളുടെ അച്ചടി എന്നിങ്ങനെ 18 പ്രവർത്തനങ്ങളാണ് അനുവദനീയം. മതപരിവർത്തന പ്രവർത്തനങ്ങൾക്കു വിലക്കുണ്ട്. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു വ്യക്തമാക്കണം. നിലവിൽ എഫ്സിആർഎ റജിസ്ട്രേഷനുള്ള എല്ലാ സ്ഥാപനങ്ങളും ഒരു വർഷത്തിനകം മേഖലയും സംസ്ഥാനങ്ങളും സർക്കാരിനെ അറിയിക്കണം. ഒന്നിലേറെ പ്രവർത്തനമേഖലകളോ സംസ്ഥാനങ്ങളോ തിരഞ്ഞെടുത്താൽ അപേക്ഷയ്ക്ക് അധിക തുക നൽകണം.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന വിമർശനം ശക്തമാണ്. ക്രൈസ്തവ മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്കൂളുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. പുതിയ ചട്ടങ്ങൾ പ്രകാരം സാങ്കേതിക തകരാറുകൾ കാരണമോ മറ്റോ എഫ്സിആർഎ സർട്ടിഫിക്കറ്റ് പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സ്ഥാപനങ്ങളും അവയുടെ സ്വത്തുക്കളും ജില്ലാ മജിസ്ട്രേറ്റ് മുഖേന സർക്കാരിന് ഏറ്റെടുക്കാനും സാധിക്കും.
നിലവിൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാർലമെന്റ് സ്ട്രീറ്റ് ശാഖയിൽ അക്കൗണ്ട് നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നും വരുന്ന പണമിടപാടുകൾ എല്ലാം ഡിജിറ്റൽ സംവിധാനത്തിലൂടെ സുതാര്യമായാണ് നടക്കുന്നത്. കൃത്യമായ ഓഡിറ്റിങ് സംവിധാനങ്ങൾ നിലവിലുണ്ടെന്നിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സ്ഥാപനങ്ങളെ തകർക്കാനും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണെന്നാണ് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ മുന്നിൽ സ്ഥാപനങ്ങളെ അടിയറവ് പറയിക്കാനും അതുവഴി നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കാനുമാണ് ഈ ഭേദഗതികളിലൂടെ ശ്രമിക്കുന്നത്. ബ്യൂറോക്രസിക്കും സർക്കാരിനും നേരിട്ട് ഇടപെടാൻ സാധിക്കുന്ന ഇത്തരം വ്യവസ്ഥകൾ രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന വിലയിരുത്തലുകളുമുണ്ട്. സുതാര്യത വർദ്ധിപ്പിക്കുന്നതിന് പകരം ന്യൂനപക്ഷ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.