ട്രാൻസ്പോർട്ട് വകുപ്പിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കല്ലുകള്‍ ഹൈവേയില്‍ തള്ളി ഡ്രൈവര്‍ രക്ഷപ്പെട്ടു. പണികിട്ടിയത് പൊലീസിനും യാത്രക്കാര്‍ക്കും. സംഭവത്തെ തുടര്‍ന്ന് ഗ്രേറ്റർ നോയിഡയിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയിൽ വലിയ ഗതാഗതക്കുരുക്കാണുണ്ടായത്. കല്ലുകൾ വഴിയിൽ തള്ളിയ ശേഷം ട്രക്ക് അതിവേഗത്തിൽ റോഡിന്റെ തെറ്റായ വശത്തുകൂടി ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് പൊലീസുകാർ നേരിട്ടാണ് റോഡിലെ കല്ലുകൾ നീക്കം ചെയ്ത് വഴി വൃത്തിയാക്കിയത്.
ഗ്രേറ്റർ നോയിഡയിലെ ദാദ്രി മേഖലയിലൂടെ പോവുകയായിരുന്ന ട്രക്ക് ഡ്രൈവർ റോഡരികിൽ ആര്‍ടിഒ പരിശോധന നടക്കുന്നത് കണ്ടാണ് വലിയ ട്രക്ക് പെട്ടെന്ന് തിരിച്ചത്. എതിർവശത്ത് നിന്ന് വണ്ടികൾ വരുന്ന ട്രാക്കിലൂടെയാണ് ട്രക്ക് അതിവേഗത്തിൽ ഓടിച്ചുപോയത്.
ഉദ്യോഗസ്ഥർ വണ്ടി പിന്തുടരാൻ തുടങ്ങിയപ്പോൾ, ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് പിന്നിലെ ഭാഗം ഉയർത്തുകയായിരുന്നു. ഇതോടെ ടൺ കണക്കിന് മെറ്റൽ കല്ലുകളും ഇഷ്ടികകളും റോഡിലേക്ക് വീണുകൊണ്ടിരുന്നു. എക്സ്പ്രസ് വേയിൽ കല്ലുകൾ നിറഞ്ഞതോടെ വലിയ അപകടസാധ്യതയാണ് ഉണ്ടായത്. കല്ലുകളിൽ കയറി പല വാഹനങ്ങളുടെയും ടയറുകൾ പഞ്ചറാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
തുടര്‍ന്ന് ദാദ്രി പോലീസും ട്രാഫിക് വിഭാഗവും ഉടൻ തന്നെ സ്ഥലത്തെത്തി. കടുത്ത ചൂടിലും പോലീസുകാർ നേരിട്ട് കല്ലുകൾ റോഡിൽ നിന്നും മാറ്റാൻ തുടങ്ങി. പിന്നീട് ജെസിബി എത്തിച്ച് രണ്ട് മണിക്കൂറിനുള്ളിൽ റോഡ് പൂർണ്ണമായും വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഉത്തർപ്രദേശ് പോലീസ് അജ്ഞാതനായ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വണ്ടിയുടെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.