Image Credit : Twitter
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ തെരുവോര ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട 80ഓളം പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഖാന്ദുപാട എന്ന സ്ഥലത്തെ 'ഫേമസ് ഷവർമ' എന്ന തെരുവോര ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂണ്‍ 17നായിരുന്നു സംഭവം. ഫേമസ് ഷവര്‍മ എന്ന കടയില്‍ നിന്നും ഏകദേശം ആറുമണിക്ക് ശേഷം ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികില്‍സ തേടിയവരെല്ലാം തന്നെ. പിസ, ഷവര്‍മ, ഫലൂദ എന്നിവ കഴിച്ചവര്‍ക്കാണ് മണിക്കൂറുകള്‍ക്കകം കടുത്ത വയറുവേദനയും ഛര്‍ദിയും വയറിളക്കവും ക്ഷീണവും അനുഭവപ്പെട്ടത്. പലരും ഉടന്‍ തന്നെ അടുത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയെങ്കിലും ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നാലെ ഇവരെയെല്ലാം ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ശാന്തി നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ വിനായക് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80 രോഗികളില്‍ 8 പേര്‍ കുട്ടികളാണ്. ഇവരുടെയെല്ലാം തന്നെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ മാധുരി പൻഹാരെ പറഞ്ഞു. രോഗികൾക്ക് ആവശ്യമായ ഇൻജക്ഷനുകളും ഐ.വി ഡ്രിപ്പുകളു നൽകിയിട്ടുണ്ടെന്നും ആന്റിബയോട്ടിക്കുകളും മറ്റ് ആവശ്യമായ മരുന്നുകളും നൽകി വരുകയാണെന്നും പൻഹാരെ വ്യക്തമാക്കി. ചില രോഗികളില്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായതൊഴിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെയെല്ലാം രക്തവും മലവും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഫലം വന്നാലേ എന്താണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് പറയാനാകൂ എന്നും പൊലീസ് വൃത്തങ്ങളും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു.