varanasi-rahul

വാരണാസിയില്‍ നടന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാഘോഷമാണ് ഇപ്പോള്‍ സൈബറിടത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പരശുരാമനോട് ഉപമിച്ച് തയാറാക്കിയ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയാണ് പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷമാക്കിയത്. ഒരു കയ്യില്‍ മഴുവും മറുകയ്യില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തി നില്‍ക്കുന്ന രാഹുലിന്‍റെ ചിത്രത്തിനെതിരെ  ബിജെപി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. പരശുരാമനെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചെന്നാണ് ആക്ഷേപം. 

ഗംഗാതീരത്താണ് മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ 56ാം പിറന്നാളിനോടനുബന്ധിച്ചുളള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികാസ് സിംഗ് ആണ്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീർഘായുസിനുമായാണ് പ്രാര്‍ഥനകള്‍ നടത്തിയത്. സാധാരണക്കാരുടെ ശബ്ദമായി രാഹുൽ ഗാന്ധിയുടെ നേതൃത്വം തുടരട്ടെ എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികാസ് സിംഗ് ആശംസിച്ചു. അനീതിക്കെതിരെയുള്ള പരശുരാമന്‍റെ പോരാട്ടത്തെയും, നിലവിലെ ജനാധിപത്യവിരുദ്ധ ഭരണകൂട ശക്തികൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ പോരാട്ടത്തെയും തമ്മിൽ ഉപമിക്കാനായാണ് പരശുരാമനുമായി രാഹുലിനെ ഉപമിച്ചതെന്ന് വികാസ് സിംഗ് പറയുന്നു. 

ജനങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്താൻ രാഹുല്‍ ഗാന്ധിക്ക് കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ച സിംഗ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയായി ഉയർന്നുവരുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം പിറന്നാളാഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. രാഹുൽ ഗാന്ധി മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സനാതന ധർമ്മത്തോടുള്ള അപമാനമാണിതെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. ഏറെ ആദരിക്കപ്പെടുന്ന പുരാണ കഥാപാത്രമായ പരശുരാമനെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചത് തെറ്റാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഹിന്ദു വിശ്വാസങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും അവഹേളിക്കുന്നതാണ് ഈ പ്രവര്‍ത്തിയെന്നും ബിജെപി ആരോപിച്ചു.

ENGLISH SUMMARY:

Rahul Gandhi's birthday celebration in Varanasi has ignited controversy, with BJP leaders criticizing a depiction of him as Parashurama. The Youth Congress organized the event, where workers performed a milk ablution on a picture of Rahul Gandhi holding a mace and the Indian Constitution, sparking accusations of disrespecting religious sentiments.