മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൊറേന ജില്ലയിലെ ഹേതാംപുർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15ഓടെയായിരുന്നു അപകടം. ഖജുരാഹോ-ഉദയ്പുർ ഇന്റർസിറ്റി എക്സ്പ്രസില്‍ തീപിടുത്തമുണ്ടായെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ആഗ്ര സ്വദേശിയായ നദീം ഖാന്‍ എന്ന യുവാവിന് സ്വന്തം ഭാര്യയെയും നാലുവയസുളള മകനെയുമാണ് അപകടത്തില്‍ നഷ്ടമായത്. തന്‍റെ ജീവിതമാണ് നിമിഷങ്ങള്‍കൊണ്ട് കണ്‍മുന്നില്‍ ഇല്ലാതായതെന്ന് നദീം ഖാന്‍ പറയുന്നു. നദീം ഖാന്‍റെ വാക്കുകള്‍ ഇങ്ങനെ...'അപകടം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് എന്നോടൊപ്പം എന്‍റെ ഭാര്യയും മകനുമുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങള്‍ക്കുളളിലാണ്. എന്‍റെ കണ്‍മുന്നില്‍ എന്‍റെ കുടുംബം ഇല്ലാതായി. ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന് കേട്ടതോടെ രക്ഷപ്പെടാനായി നാലുഭാഗത്തേക്കും ഓടാനാരംഭിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുന്‍പ് തന്നെ കൂട്ടത്തോടെ ആളുകള്‍ ട്രെയിനിന് പുറത്തേക്ക് ചാടിയിറങ്ങി. ട്രെയിനില്‍ നിന്നിറങ്ങി ജീവന്‍ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിക്കും മുന്‍പേ തന്നെ അത് വഴി വന്ന ഫിറോസ്പുർ-സിയോണി പാതാൾകോട്ട് എക്സ്പ്രസ് അവരുടെയെല്ലാം ജീവനെടുത്തു. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് എന്‍റെ ഭാര്യയെയും മകനെയും ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു ' നദീം ഖാന്‍ പറഞ്ഞു.

'ട്രാക്കില്‍ മുഴുവന്‍ ശരീരഭാഗങ്ങളും യാത്രക്കാരുടെ വസ്ത്രങ്ങളും ചെരുപ്പും മറ്റുംകൊണ്ട് നിറഞ്ഞിരുന്നു. കൂട്ടനിലവിളി മാത്രമാണ് പിന്നീട് കേട്ടത്. കുടുംബത്തില്‍ ഒപ്പമുളളവരെ കണ്‍മുന്നില്‍ നഷ്ടപ്പെട്ടവരെല്ലാം കരഞ്ഞുകൊണ്ട് ഓടുന്നതാണ് പിന്നെ കണ്ടത്. എന്‍റെ മൂത്തമകനെ തിരക്കിനിടയില്‍ കാണാത്തതിനാല്‍ ഞാന്‍ ട്രെയിനിനകത്ത് അവനെ തിരയുകയായിരുന്നു. ചെറിയ മകനും ഭാര്യയും മാത്രമാണ് പുറത്തിറങ്ങിയത്. ഞാനും പുറത്തിറങ്ങിയിരുന്നെങ്കില്‍ ഇന്ന് ഞാനുമുണ്ടാകുമായിരുന്നില്ല' നദീം ഖാന്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് നദീം ഖാന്‍റെ ഭാര്യ അഫ്രീനിന്‍റെയും മകന്‍ അഷദിന്‍റെയും മൃതദേഹം പൊലീസ് കണ്ടെടുത്തു. ആരോ ട്രെയിനിലെ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഈ സംഭവമാണ് തീപിടുത്തമെന്ന് തെറ്റിധരിച്ച് വലിയ അപകടത്തിന് കാരണമായത്. ട്രെയിനിൽ തീപിടുത്തമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് ഝാൻസി ഡിവിഷണൽ റെയിൽവേ മാനേജർ അനിരുദ്ധ് കുമാർ പറഞ്ഞു.

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന പാതാൽകോട്ട് എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റിന്, ട്രാക്കിലെ വളവ് കാരണം യാത്രക്കാരെ കൃത്യസമയത്ത് കാണാൻ സാധിച്ചില്ലെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും, അപകടം ഒഴിവാക്കാൻ പാകത്തിന് ട്രെയിൻ നിർത്താനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Madhya Pradesh train accident details are emerging following a tragic incident near Hetampur railway station in Moraina district. A false alarm of a train fire caused panic, leading passengers to jump off the Khajuraho-Udaipur Intercity Express and fall victim to the approaching Pathankot Express.