Image: X, Sunil Maurya, @smaurya_journo
ബംജി ജംപിങ്ങില്‍ സുരക്ഷാകയര്‍ ഘടിപ്പിക്കാന്‍ മറന്നതിനെത്തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സാവോ പോളോയിലാണ് 130 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയ്ക്കാണ് മലയിടുക്കിലേക്ക് വീണ് മരണം സംഭവിച്ചത്.
യുവതിയെ ജംപിനായുള്ള പാലത്തിന്റെ അറ്റത്ത് നിന്നും ജീവനക്കാര്‍ താഴേക്ക് എറിയുകയായിരുന്നു. സുരക്ഷാകയര്‍ ഘടിപ്പിച്ചിട്ടില്ലെന്ന് കാണികള്‍ പലതവണ വിളിച്ചുപറഞ്ഞെങ്കിലും ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അപകടത്തിനു പിന്നാലെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവസമയത്ത് റെക്കോര്‍ഡ് ചെയ്ത വിഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലടക്കം പ്രചരിക്കുന്നുണ്ട്. തീര്‍ത്തും നിരുത്തരവാദപരമായ രീതിയിലാണ് ജീവനക്കാര്‍ പെരുമാറുന്നത്. സ്വകാര്യ കമ്പനി നടത്തുന്ന ബംജി ജംപിനിടെയാണ് സംഭവം. യുവതിയെ രണ്ടു ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത് പാലത്തിന്റെ അരികിലെത്തിക്കുന്നതും പിന്നാലെ എറിയുന്നതുമാണ് പ്രചരിക്കുന്ന വിഡിയോയില്‍ ഉള്ളത്.
കാണികള്‍ അലറിവിളിച്ചിട്ടും യുവതിയെ അതുപോലെ എടുത്ത് പാലത്തിന്റെ അരികില്‍ നിന്നും ജീവനക്കാര്‍ താഴേക്ക് എറിയുകയായിരുന്നു. മരിയ പാലത്തില്‍ നിന്നും വീണപ്പോള്‍ തന്നെ ഗുരുതരമായ പിഴവ് സംഭവിച്ചതായി അവിടെ കൂടി നിന്നവര്‍ക്കെല്ലാം മനസിലായി. ജംപര്‍മാരെ താങ്ങിനിര്‍ത്താനും സുരക്ഷയ്ക്കുമായാണ് കയര്‍ ബന്ധിപ്പിക്കാറുള്ളത്. താഴെയുള്ള മലയിടുക്കിലേക്കാണ് യുവതി വീണുമരിച്ചത്.
അടിയന്തര സേവനങ്ങൾ ഉടനെത്തിച്ചെങ്കിലും യുവതിയുടെ മരണം സ്ഥിരീകരിക്കാനേ സാധിച്ചുള്ളൂ. മൃതദേഹം പരിശോധനയ്ക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ബംജി ജംപിനു തൊട്ടുമുന്‍പ് മരിയ ചില ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ മരിയയുടെ പ്രതിശ്രുത വരനും പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണവാര്‍ത്തയറിഞ്ഞ ഇയാള്‍ സ്ഥലത്ത് തളര്‍ന്നുവീണു.
സംഭവത്തില്‍ ജീവനക്കാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ നടപടിക്രമങ്ങൾ, ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ, ചാട്ടത്തിന് മുന്‍പ് ചെയ്യേണ്ടുന്ന പ്രോട്ടോക്കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുക. സാഹസിക ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും വ്യാപകമായ ആശങ്കയ്ക്കാണ് ഈ സംഭവം വഴിവച്ചത്.