Image Credit : Twitter
സംശയത്തിന്‍റെ പേരില്‍ രണ്ടാം ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി റിയല്‍ എസ്റ്റേറ്റ് വ്യവസായി. ഹൈദരാബാദിലെ മാരുതിനഗറിലാണ് ദാരുണസംഭവം നടന്നത്. 48കാരനായ ഡി. അരുൺ കുമാറാണ് രണ്ടാംഭാര്യ നിഷാ റാണിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ അരുണ്‍ കുമാറിന്‍റെ മാരുതിനഗറിലുളള വീട്ടിലായിരുന്നു കൊലപാതകം. അരുണ്‍ കുമാറിന്‍റെ സംശയത്തെ തുടര്‍ന്നും ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്നും നിഷയും അരുണും നാളുകളായി രണ്ടിടത്തായാണ് താമസം. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാം എന്ന് പറഞ്ഞാണ് പ്രതി നിഷയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ പ്രതി കയ്യില്‍ കരുതിയ തോക്കെടുത്ത് നിഷ റാണിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസമയത്ത് അരുൺകുമാറിനൊപ്പം മറ്റൊരാൾകൂടി വീട്ടിലുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നാലെ സംഭവസ്ഥലത്ത് നിന്നും കടന്നുകളയാന്‍ ശ്രമിച്ച അരുണിനെ പൊലീസ് വൈകാതെ പിടികൂടുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്നു എന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനായില്ല. അരുണ്‍കുമാറിന് ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളാണുളളത്. ആദ്യ ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ആ ബന്ധം വേര്‍പെടുത്തി ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചത്. എന്നാല്‍ സംശയത്തിന്‍റെ പേരില്‍ അരുണ്‍ കുമാര്‍ രണ്ടാം ഭാര്യയുമായി എന്നും വഴക്കിലേര്‍പ്പെടുമായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.