abhijeet-dipke-cjp

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഒറ്റ പരാമര്‍ശത്തില്‍ രൂപംകൊണ്ട സിജെപി എന്ന കോക്രോച് ജനതാ പാര്‍ട്ടി ആദ്യമായി മണ്ണിലിറങ്ങിയത് ഇന്നലെ. പാര്‍ട്ടി സ്ഥാപകന്‍ സ്ഥാപകന്‍ അഭിജിത് ദീപ്കെയും രാജ്യത്തെത്തി. എത്രപേരെത്തും? അഭിജിത്തിനെ പൊലീസ് തടയുമോ? കസ്റ്റഡിയിലെടുക്കുമോ? ‘പാറ്റ’കളുടെ പ്രക്ഷോഭത്തിന് ആയുസ്സ് എത്രനാള്‍? എന്നിങ്ങനെ നിരവധി ചോദ്യങ്ങളിലേക്കായിരുന്നു രാജ്യം ഉറ്റുനോക്കിയത്. എന്നാല്‍ രാജ്യം ഇന്നലെ കണ്ടെതെന്താണ്?

ഇന്നലെ രാവിലെ എട്ട് മണിക്ക് ഡൽഹി വിമാനത്താവളത്തില്‍ അഭിജിത് ദീപ്കെ വിമാനമിറങ്ങി. സ്വീകരിക്കാന്‍ സിഐഎസ്എഫും ഡൽഹി പൊലീസും മാധ്യമ പ്രവര്‍ത്തകരും. വിമാനത്താവളത്തിൽ വച്ചു തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹം. പക്ഷേ അറസ്റ്റ് ചെയ്തില്ല എന്നുമാത്രമല്ല, ഇമിഗ്രേഷൻ നടപടികൾക്കു പിന്നാലെ ജന്തർ മന്തറിൽ ധർണയിരിക്കാൻ പൊലീസ് അനുമതിപത്രം നൽകുകയും പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് എഴുതി വാങ്ങുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്നും ബി.ആർ.അംബേദ്കറിന്റെ ആത്മകഥ ഉയർത്തിക്കാട്ടി പൊലീസ് സുരക്ഷയോടെ ജന്തർമന്തറിലേക്ക്. ഒപ്പം ദേശീയപതാകയും ഭരണഘടനയും പൂക്കളും പുസ്തകങ്ങളുമായി അനുയായികളും ഇടത് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരും.

തുടക്കത്തില്‍ ആളൊഴിഞ്ഞ അവസ്ഥയായിരുന്നു ജന്തര്‍മന്തറില്‍. പത്തരയോടെ അഭിജിത്ത് എത്തി. അഭിജിതിന്റെ വരവോടെ പ്രദേശം ഏതാണ്ട് നിറഞ്ഞു. എന്നാല്‍ സമൂഹ മാധ്യമ പിന്തുണയ്ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തകര്‍ ഇന്നത്തെ സമരത്തിന് എത്തിയിരുന്നില്ല. 'ധർമേന്ദ്ര പ്രധാൻ ഇസ്‌തിഫാ ദോ (ധർമേന്ദ്ര പ്രധാൻ രാജി നൽകൂ), ജയ് ഭീം, ഭാരത് മാതാ കി ജയ്...' മുദ്രാവാക്യങ്ങൾ ഉയര്‍ന്നു. പിന്നാലെ ജന്തർമന്തർ നിറഞ്ഞു. ഉന്നയിക്കുന്ന ആവശ്യം നേടാന്‍ എന്തും നല്‍കാന്‍ തയ്യാറാണെന്നും രാജ്യത്തെ യുവാക്കള്‍ നിര്‍ഭയരാണെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് അഭിജിത് പറ​ഞ്ഞു.

‘നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റു‌കൾ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും, പക്ഷേ ഇവിടെ നിന്ന് ഞങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. കഴിഞ്ഞ 10-12 വർഷം മത രാഷ്ട്രീയം പറഞ്ഞ് ഇവർ നമ്മളെ കുടുക്കിയിട്ടിരിക്കുകയാണ്’– അഭിജിത്ത് സംസാരിച്ചു തുടങ്ങി. ഈ രാഷ്ട്രീയം കൊണ്ട് ആർക്കെങ്കിലും തൊഴിൽ ലഭിച്ചോയെന്നു അഭിജീത്ത് വിളിച്ചു ചോദിച്ചു...  'ഇല്ല' എന്ന് ഒറ്റ ശബ്ദത്തില്‍ ഉറക്കെ പറഞ്ഞ് അനുയായികളും. ‌പിന്തുണ അറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകും എത്തിയിരുന്നു. അഭിജിത്തിനെ കോക്രോച് ഇന്‍ ചീഫ് എന്നാണ് വാങ് ചുക്ക് വിശേഷിപ്പിച്ചത്.

ഇതിനിടെ പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. 'രാജ്യത്തെ പ്ലമ്പർമാരെ സംഘടിക്കുവിൻ; വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചോർച്ചകൾ അടച്ചു തീർക്കാൻ കഴിയാത്തത്രയുണ്ട്, മെയ്ക് ഇൻ ഇന്ത്യ ചോദിച്ചപ്പോൾ നിങ്ങൾ ലീക്ക് ഇൻ ഇന്ത്യ നല്‍കി, ഐപിഎല്‍ അഥവാ ഇന്ത്യൻ പേപ്പർ ലീക്ക്’ എന്നിങ്ങനെ നീളുന്നു പ്ലക്കാര്‍ഡിലെ പരിഹാസ വരികള്‍. ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നവര്‍ക്കുള്ള പർപ്പിൾ ക്യാപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏറ്റവും കൂടുതൽ റൺസ് എടുക്കുന്നവർക്കുള്ള ഓറഞ്ച് ക്യാപ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും 'എമർജിങ് പേപ്പർ ലീക്കർ' പുരസ്കാരം നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും ‘ലഭിച്ചു’. എങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയുള്ള പോസ്റ്ററുകൾ സമരവേദിയിലേക്ക് എത്താതിരിക്കാന്‍ പൊലീസ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. നൂറോളം പോസ്‌റ്ററുകൾ ഉള്ളിലേക്കു കടത്തിവിടാതെ തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി.

ഇതിനിടെ പാറ്റകളെ തുരത്താന്‍ ജന്തര്‍മന്തറിന് പുറത്ത് ബജ്റംഗ് ദള്‍, ഹിന്ദു രക്ഷാ സേന എന്നിങ്ങനെ ബിജെപി– ആര്‍സ്എസ് അനുകൂല ഹിന്ദു സംഘനകളെത്തി. സിജെപി ദേശദ്രോഹികളാണെന്നായിരുന്നു ആരോപണം. സമരത്തിന് പിന്തുണ അറിയിച്ച് മടങ്ങിയ ആനി രാജ അടക്കമുള്ള സിപിഐ നേതാക്കളും ബിജെപി ആര്‍സ്എസ് അനുകൂല സംഘടന പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതെന്ന് സമരത്തിനെത്തിയ സിപിഐ നേതാക്കള്‍ പരാതിപ്പെട്ടു. സിപിഐ പരാതിയില്‍ പൊലീസ് 4 പേരെ കസ്റ്റഡിയില്‍ എടുത്തു. അതേസമയം, കോണ്‍ഗ്രസടക്കം മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നു.

ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കി അഞ്ച് മണിക്കൂര്‍ നീണ്ട സമരത്തിന് അവസാനം. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കില്‍ അടുത്ത ശനിയാഴ്ച വീണ്ടും പ്രതിഷേധിക്കും എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ ഉറപ്പിച്ച് പറഞ്ഞു. മൂന്നരയോടെ അഭിജിത്ത് സമരവേദി വിട്ടു. മിനിറ്റുകള്‍ക്കുള്ളില്‍‌ അനുയായികളെയും ജന്തര്‍ മന്തറില്‍ നിന്ന് പൊലീസ് നീക്കി. പൊലീസിന്‍റെ സഹകരണത്തിന് സി.ജെ.പി നന്ദി അറിയിച്ചു. ഡല്‍ഹിയിലെ ഒരു പകല്‍ അവസാനിച്ചു...

ജന്ദര്‍ മന്തറിലെ പ്രതിഷേധത്തിനുപിന്നാലെ തുടര്‍ സമരങ്ങള്‍ക്കും ഒരുങ്ങുകയാണ് കോക്രോച്ച് ജനത പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒരാഴ്ചക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. ഡല്‍ഹി രാംലീലാ മൈതാനിയില്‍ വലിയ പ്രതിഷേധവും സി.ജെ.പി ആലോചിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ ആഹ്വാനം ഏറ്റെടുത്ത് ജന്ദര്‍ മന്തറില്‍ വിദ്യാര്‍ഥികളും യുവാക്കളും എത്തിയതുപോലെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് സി.ജെ.പിയുടെ വിലയിരുത്തല്‍. സി.ജെ.പിയുടെ തുടര്‍നീക്കങ്ങള്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുകയാണ്. പ്രതിഷേധക്കാർക്കെതിരെ കേസെടുത്തുവെന്ന സമൂഹ മാധ്യമ പോസ്റ്റുകളും വാർത്തകളും തെറ്റാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

The newly formed Cockroach Janata Party (CJP) launched its maiden physical protest at Delhi's Jantar Mantar following the arrival of its founder, Abhijit Dipke, in the national capital. Demanding the immediate resignation of Education Minister Dharmendra Pradhan over recent paper leak scandals, the protest drew significant support from student bodies and environmental activist Sonam Wangchuk. While the dynamic demonstration featured satirical placards targeting the National Testing Agency (NTA), the main opposition parties like the Congress completely distanced themselves from the event. The five-hour structural protest also witnessed minor scuffles outside the venue when right-wing groups clashed with left-wing attendees, leading to the brief detention of four individuals. Dipke has issued a strict one-week ultimatum to the central government, threatening nationwide agitations and a massive rally at Ramlila Maidan if their administrative demands are not fulfilled.