TOPICS COVERED

ഈയടുത്താണ് പശുവിനെ ദേശീയമൃഗമാക്കണമെന്ന ആവശ്യവുമായി മുസ്‍ലിം സംഘടനകള്‍ രംഗത്തുവന്നത്. ഗോവധമാരോപിച്ച് രാജ്യത്തങ്ങോളമിങ്ങോളം മുസ്‍ലിം വിഭാഗത്തിനെതിരായി അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഈ നടപടി. പശുവിനെ ദേശീയ മൃഗമാക്കുന്നത് വഴി ഗോവധത്തിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും, പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നും ആവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് (അർഷാദ് മദനി വിഭാഗം) ആണ് രംഗത്തുവന്നത്. മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്നതിനും, സമുദായങ്ങൾക്കിടയിൽ പരസ്പര ബഹുമാനം വളർത്തുന്നതിനും വേണ്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പറഞ്ഞാണ് മുസ്‍ലിം സേവാ സംഘടന രംഗത്തുവന്നത്. ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്തും സമാനമായ ആവശ്യം ഉന്നയിച്ചു. 

ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനോടകം തന്നെ പശു രാഷ്ട്രമാതാവാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ട ആവശ്യകതയില്ലെന്നുമാണ് യോഗി പറയുന്നത്. തിങ്കളാഴ്ച ബിജ്‌നോറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് യോഗി മുസ്‍ലിം സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്തത്. പശു രാഷ്ട്രമാതാവായതിനാല്‍ ഇനി ദേശീയമൃഗമാക്കി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് യോഗിയുടെ നിലപാട്. 

പശ്ചിമ ബംഗാളിലെ കന്നുകാലി ചന്തയില്‍ നടന്ന ഒരു സംഭവമാണ് പശുവിനെ ദേശീയമൃഗമാക്കാനുള്ള ചര്‍ച്ചയുടെ തുടക്കം. ഒരു ഹിന്ദു യുവാവ് തന്റെ പശുവിനെ വിൽപനയ്ക്കായി ചന്തയിൽ കൊണ്ടുവന്നപ്പോൾ, ബലി നൽകാനായി അത് വാങ്ങാൻ മുസ്‍ലിം കച്ചവടക്കാർ തയ്യാറായില്ല. "നിങ്ങൾ പശുവിനെ അമ്മയായി കാണുകയും പൂജിക്കുകയും ചെയ്യുന്ന ആളല്ലേ, അങ്ങനെയുള്ള പശുവിനെ എന്തിനാണ് കശാപ്പിനായി ഇവിടെ കൊണ്ടുവന്നത്?" എന്ന് കച്ചവടക്കാർ ചോദിക്കുകയുണ്ടായി. അതിനാൽ മതവിശ്വാസവും ബിസിനസ്സും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടാക്കുന്ന ഈ പ്രവൃത്തിയെ അവർ ചോദ്യം ചെയ്യുകയായിരുന്നു. 

പിന്നാലെ കച്ചവടക്കാര്‍ പശുവിനെ വാങ്ങുന്നത് ബഹിഷ്കരിക്കുകയും ഹിന്ദു കര്‍ഷകര്‍ വന്‍ ദുരിതത്തിലെത്തിച്ചേരുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ആക്ഷേപഹാസ്യമെന്ന കണക്കിന് മുസ്‍ലിം സംഘടനകള്‍ പശുക്കളെ ദേശീയമൃഗമാക്കുന്നത് വരെയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

ENGLISH SUMMARY:

Cow as national animal debate is a prominent issue in India, with Muslim organizations proposing it to curb violence and political exploitation. Uttar Pradesh Chief Minister Yogi Adityanath responded by stating that cows are already considered mother and thus do not need to be declared a national animal.