yogi-up

TOPICS COVERED

 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പശുവിനെ രാജ്യമാതയാക്കി പ്രഖ്യാപിക്കാന്‍ വെല്ലുവിളിച്ച് സന്ന്യാസി. ഗോമാതാവിനെ  40 ദിവസത്തിനകം രാജ്യമാതയാക്കി പ്രഖ്യാപിച്ച് യോഗി ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് സ്വാമി അവിമുക്തേശ്വരാനാദ് സരസ്വതിയാണ് വെല്ലുവിളിച്ചത്. രാജ്യത്തുനിന്നുള്ള പശുവിറച്ചി കയറ്റുമതി നിര്‍ത്തണമെന്നും സ്വാമി ആവശ്യമുന്നയിച്ചു. 

 

തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് പ്രശസ്തനാണ് സ്വാമി അവിമുക്തേശ്വരാനാദ് സരസ്വതി.    സ്വയം ശങ്കരാചാര്യന്‍ എന്നാണ് സ്വാമി അഭിസംബോധന ചെയ്യുന്നത്. ബ്രാഹ്മണര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്ന ആശയം നടപ്പിലാക്കാന്‍ തീവ്രമായി പരിശ്രമിക്കുന്നയാളാണ് സരസ്വതി. ഈയടുത്ത് യുപി പ്രഗ്യാരാജില്‍ നടന്ന മാഘമേളയില്‍ സരസ്വതിയെ ത്രിവേണി സംഗമസ്നാനം നടത്തുന്നതില്‍ നിന്നും പൊലീസ് വിലക്കിയിരുന്നു. 

 

പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ വിവേചന പരാതികള്‍ കേള്‍ക്കാനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇക്വറ്റി കമ്മിറ്റികള്‍ നിര്‍ബന്ധമാക്കുന്ന നിയമം വന്നതാണ് സരസ്വതിയെ ആദ്യമായി ചൊടിപ്പിച്ചത്. ഇത്തരം നിയമങ്ങള്‍ ഹിന്ദുമതത്തിന് വലിയ ദോഷം ചെയ്യുമെന്ന് പറഞ്ഞ് സരസ്വതി രംഗത്തുവന്നു. ജനറല്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാജ പരാതികള്‍ ഉയരുന്നതിന് പുതിയ നിയമം കാരണമായേക്കും എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 

 

പുതിയ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഗംഗാസ്നാനം ചെയ്യാനെത്തിയ സരസ്വതിയെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ ബ്രാഹ്മണ സമൂഹത്തില്‍ നിന്ന് യോഗിക്കെതിരെ വന്‍ പ്രതിഷേധവും ഇതിന് പിന്നാലെ ഉയര്‍ന്നു. തുടര്‍ന്ന് സരസ്വതിയെ തടഞ്ഞ പൊലീസുകാരെ യുപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ സസ്പെന്‍ഷന്‍ നടക്കും വരെ 11 ദിവസം മാഘമേളയില്‍ സരസ്വതി സത്യാഗ്രഹമിരുന്നു. 

 

40 ദിവസമായിട്ടും ഗോമാതാവിനെ രാജ്യമാതാവായി പ്രഖ്യാപിക്കാനായില്ലെങ്കില്‍ ലഖ്നൗവില്‍ സന്ത് സമ്മേളന്‍ നടത്തി ശക്തി കാണിക്കുകയാണ് സരസ്വതിയുടെ ലക്ഷ്യം. ഇത് യോഗി സര്‍ക്കാരിന് വന്‍ തിരിച്ചടിയായിട്ടുണ്ട്. 

ENGLISH SUMMARY:

Swami Avimukteshwaranand Saraswati has challenged UP CM Yogi Adityanath to declare the cow as the 'Rashtramata' (Mother of the Nation) within 40 days to prove his Hindu credentials. The Swami, who identifies as a Shankaracharya, also demanded an immediate ban on beef exports from the country. This friction follows a series of events, including the Swami being barred from taking a ritual dip at the Magh Mela and his opposition to equity committees in educational institutions. He has threatened to organize a massive 'Sant Sammelan' in Lucknow if his demands are not met, posing a significant political challenge to the Yogi government.