FILE- Indian Prime Minister Narendra Modi, arrives to lead the opening of a temple dedicated to Hinduism's Lord Ram in Ayodhya, India, Jan. 22, 2024. (AP Photo/Rajesh Kumar Singh, File)

Image Credit: AP

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ വലിയൊരു പങ്ക് കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലേക്ക് നല്‍കിയ 60 കിലോ വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന പരാതിയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. പ്രാണ പ്രതിഷ്ഠ സമയത്ത് ക്ഷേത്രത്തിലേക്ക് നല്‍കിയ വെള്ളിക്കട്ടികളാണ് അപ്രത്യക്ഷമായിരിക്കുന്നത്. പരാതിയില്‍ കഴിഞ്ഞ ആറു ദിവസമായി എസ്ഐടി അന്വേഷണം നടത്തി വരികയാണ്. പക്ഷേ ഒരു തരത്തിലുള്ള വിവരങ്ങളും ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വെള്ളിക്കട്ടികള്‍ സംഭാവന ലഭിച്ചത് സ്വീകരിച്ചതിന്‍റെ രസീതുകളോ, ഇത് എവിടെ സൂക്ഷിച്ചിട്ടുണ്ടെന്നോ ഇതില്‍ എത്രയെണ്ണം ക്ഷേത്രത്തില്‍ ഉപയോഗിച്ചുവെന്നോ വ്യക്തമാക്കുന്ന ഒരു രേഖകളും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, 40 കിലോ വെള്ളിക്കട്ടികള്‍ ശ്രീ രാമ ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്‍റെ രസീതുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ജ്വല്ലേഴ്സ് അസോസിയേഷന്‍ പറയുന്നത്. രാജ്യമെമ്പാടുമുള്ള ജ്വല്ലറിയുടമകളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രത്തിലേക്ക് നല്‍കിയതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് അനുരാഗ് റസ്തോഗി പറയുന്നു. 

ക്ഷേത്രത്തിന്‍റെ അടിത്തറയില്‍ പാകാനെന്ന് പറഞ്ഞാണ് വെള്ളിക്കട്ടികള്‍ വാങ്ങിയത്. പക്ഷേ ശിലാസ്ഥാപനത്തിലോ, പിന്നീട് ക്ഷേത്ര നിര്‍മാണത്തിലോ ഇത് ഉപയോഗിച്ചതായി കണ്ടില്ല. 60 കിലോയും അപ്പാടെ അപ്രത്യക്ഷമായി എന്നും റസ്തോഗി പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രാം ലല്ലയിലെ പുരോഹിതരായ രാം ശങ്കര്‍ യാദവ്  എന്ന ടിന്നു, കൃഷ്ണദേവ് തിവാരി എന്നിവരെയും മറ്റ് നാല് പൂജാരിമാരെയും എസ്ഐടി ചോദ്യം ചെയ്തു.  കൃഷ്ണദേവ് തിവാരിക്കാണ് ആഭരണങ്ങളുടെയും കാണിക്കയുടെയും നടത്തിപ്പ്. വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന വാര്‍ത്ത തിവാരി നിഷേധിച്ചു. ഇതിന് പുറമെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ട നെക്​ലേസും ചരണ്‍ പാദുക (ദിവ്യ പാദുകങ്ങള്‍)യും നഷ്ടപ്പെട്ടിട്ടുണ്ട്.  ഇതേക്കുറിച്ചും തനിക്കറിയില്ലെന്നാണ് തിവാരി പറയുന്നത്. 

ലക്നൗ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്ത്, ഇന്‍സ്പെക്ടര്‍ ജനറല്‍ കിരണ്‍ എസ്, സ്പെഷല്‍ സെക്രട്ടറി നീല്‍രത്തന്‍ കുമാര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തിലെ മറ്റ് പുരോഹിതന്‍മാരില്‍ നിന്നും നടത്തിപ്പുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വെള്ളി ആഭരണങ്ങള്‍ക്കും വെള്ളിക്കട്ടികള്‍ക്കും പുറമെ സ്വര്‍ണം, വജ്രം എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങള്‍ നഷ്ടമായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവയ്ക്ക് പകരം മുക്കുപണ്ടമാണ് ശേഖരത്തിലേക്ക് വച്ചിരിക്കുന്നതെന്നും ക്ഷേത്രം ഭണ്ഡാരത്തിലേക്ക് ലഭിക്കുന്ന സംഭാവനകളും ആളുകള്‍ കവര്‍ന്നെടുക്കുന്നുവെന്നും ആരോപണം ശക്തമാണ്. 

 സമാജ്​വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് ഈ മാസം ആദ്യം കോടികളുടെ തട്ടിപ്പ് അയോധ്യ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്നുവെന്നും ക്ഷേത്രത്തിലെ വിലയേറിയ വസ്തുക്കള്‍ അപ്രത്യക്ഷമാകുന്നുവെന്നും ആരോപണം ഉയര്‍ത്തിയത്. 200 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് എഎപിയും പറയുന്നു. ഇതോടെ ക്ഷേത്രം ട്രസ്റ്റിന്‍റെ പരാതിയില്‍ യുപി സര്‍ക്കാര്‍ ഈ മാസം 13ന് എസ്ഐടി രൂപീകരിച്ചു. ' ക്ഷേത്രത്തിനായി 500 വര്‍ഷം കാത്തിരുന്നതല്ലേ, 15 ദിവസം കൂടി ഭക്തര്‍ ക്ഷമിക്കണമെന്നും രാമക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരു'മെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രതികരിച്ചിരുന്നു. 

ENGLISH SUMMARY:

A major political and administrative storm has erupted surrounding the Ayodhya Ram Mandir following stunning allegations that sixty kilograms of donated silver bricks have gone missing from the temple complex. The missing silver bricks, which were collectively pooled and contributed by various jewelry associations across the country for the temple's foundation, have reportedly left no paper trail or official storage receipts within the trust. In response to the intensifying controversy, the Uttar Pradesh government formed a high-level Special Investigation Team on June 13 to thoroughly audit the temple's treasury and donations. Led by Lucknow Commissioner Vijay Vishwas Pant, the investigating officers have already interrogated several prominent temple priests, including Krishna Dev Tiwari, who manages the daily offerings and ornaments. The political opposition has heavily capitalized on the developing situation, with the Aam Aadmi Party alleging a massive two-hundred-crore-rupee corruption scam and Samajwadi Party chief Akhilesh Yadav demanding absolute accountability. Addressing the growing public outrage, Chief Minister Yogi Adityanath urged devotees to remain patient for another fifteen days while assuring that anyone attempting to defame the holy temple would face stringent legal action.