Image: Manorama
രാജ്യത്ത് വിലക്കയറ്റത്തിന് വഴിവച്ച് എൽപിജി വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 53 രൂപ വരെയാണ് വര്‍ധന. ഗാർഹിക സിലിണ്ടര്‍ വിലയിൽ മാറ്റമില്ല. PNG കണക്ഷന്‍ ഉള്ള വീടുകളില്‍ ഇന്നുമുതല്‍ LPG കണക്ഷന്‍ ഉപയോഗിക്കാനാവില്ല.
19 കിലോഗ്രാം വാണിജ്യസിലിണ്ടറിന് ഡൽഹിയിൽ 42 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 3113.50 രൂപയായി. അഞ്ച് കിലോഗ്രാം സിലിണ്ടറിന് 11 രൂപയും വർധിപ്പിച്ചു. ഡൽഹിയിൽ വില 821.50 രൂപയായി. കൊൽക്കത്തയിൽ 19 കിലോ സിലിണ്ടറിന് 50 രൂപയും കൂട്ടി. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്.
മെയ് ആദ്യവാരം വാണിജ്യ സിലിണ്ടറുകൾക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് വിലകൂട്ടാൻ കാരണമെന്നാണ് വിശദീകരണം. പാചക വാതക പ്രതിസന്ധിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ ഇന്ന് നിലവില്‍ വരും. പൈപ്പ് വഴിയുള്ള പ്രകൃതി വാതകം അഥവാ പി.എന്‍.ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഇനി എല്‍.പി.ജി കണക്ഷന്‍ ഉപയോഗിക്കാനാവില്ല എന്നതാണ് പുതിയ പ്രധാന നിബന്ധന.
പി.എന്‍.ജി കണക്ഷനുള്ളവര്‍ എല്‍.പി.ജി സിലിണ്ടറും കണക്ഷനും സറണ്ടര്‍ ചെയ്യണം. ഗ്യാസ് കമ്പനികൾ ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍.പി.ജി കണക്ഷന്‍ ഉപേക്ഷിക്കേണ്ടിവരും. പിഎൻജി ഇല്ലാത്ത പ്രദേശങ്ങളിലേക്ക് താമസം മാറിയാൽ എൽപിജി കണക്ഷനുകൾ പുനഃസ്ഥാപിക്കാനാകും. എൽപിജി സിലിണ്ടര്‍ ബുക്കിങിനുള്ള ഇടവേള ഗ്രാമീണ മേഖലകളില്‍ 45 ദിവസമായും നഗരപ്രദേശങ്ങളില്‍ 25 ദിവസമായും ദീര്‍ഘിപ്പിച്ചിരുന്നു.