കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞ് വിവാദത്തിലായിരിക്കുകയാണ് മന്ത്രി എസ്.കീര്‍ത്തന. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം നല്‍കാമെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് മന്ത്രി ശ്രമിച്ചത്. 

ഒരു സ്ത്രീയെന്ന നിലയില്‍ എങ്ങനെയാണ് ഈ വിഷയം നോക്കിക്കാണുന്നത്, എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഇപ്പോള്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ, രാഷ്ട്രീയ കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 'തലൈവര്‍ എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കും' എന്നും മറുപടി നല്‍കി. 

പിന്നാലെ കീര്‍ത്തനയ്​ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പ്രതികരണത്തിനിടെ മന്ത്രി ചിരിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അപക്വമായ പ്രതികരണമായിരുന്നു ഉത്തരവാദിത്തപ്പെട്ട മന്ത്രിയില്‍ നിന്നുമുണ്ടായതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിനെക്കുറിച്ചുളള ചോദ്യത്തിന്, ഭരണപരമായ ചോദ്യങ്ങള്‍ക്കേ മറുപടി നല്‍കൂ എന്ന് പറഞ്ഞ് മന്ത്രി ചിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

വിമര്‍ശനം കടുത്തതോടെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തന. മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താൻ സ്വാഭാവികമായും ചിരിച്ചതാണെന്നും അത് ഏതെങ്കിലും പ്രത്യേക ചോദ്യത്തിനോ സംഭവത്തിനോ ഉള്ള പ്രതികരണമായിരുന്നില്ലെന്നും കീര്‍ത്തന പറഞ്ഞു. 

തന്‍റെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി രാഷ്ട്രീയ ലക്ഷ്യത്തോടെ മനഃപൂർവ്വം വളച്ചൊടിക്കുകയും ചെയ്തത് നിരാശാജനകമാണ്. ഭരണകക്ഷിയെ പ്രതിപക്ഷം വിമർശിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാകാം. എന്നാൽ വസ്തുതകളെ വളച്ചൊടിക്കുകയും ഒരാളുടെ സ്വകാര്യ നിമിഷങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് സമൂഹത്തിന് ആരോഗ്യകരമായ സമീപനമല്ലെന്നും കീര്‍ത്തന പറ​ഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ പൊലീസുകാർ ചിരിച്ചതും വന്‍ വിവാദത്തിനിടയാക്കിയിരുന്നു. കോയമ്പത്തൂർ റേഞ്ച് ഡി.ഐ.ജി പി.സാമിനാഥൻ, കോയമ്പത്തൂർ എസ്.പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെ, പശ്ചിമ മേഖല ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആർ.വി രമ്യ പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതാണ് വിവാദത്തിനും വിമർശനങ്ങൾക്കും കാരണമായത്.

ENGLISH SUMMARY:

Minister S. Keerthana's response to a question about the Coimbatore child rape and murder case has sparked controversy. She attempted to deflect questions on political matters, stating she would answer them later and that "whatever the leader decides will be correct," leading to widespread criticism for her perceived immature reaction and smile during the interaction.