സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിലെ വീഴ്ചയ്ക്കെതിരെ കേന്ദ്ര സർക്കാരിനെയും വിദ്യാഭ്യാസ മന്ത്രാലയത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി-ധർമേന്ദ്ര പ്രധാൻ കൂട്ടുകെട്ട് രാജ്യത്തെ മറ്റൊരു പ്രധാന സ്ഥാപനത്തെക്കൂടി കെടുകാര്യസ്ഥതയുടെ പ്രതീകമാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പരാതി ഉന്നയിക്കുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും ദേശവിരുദ്ധരാക്കി ചിത്രീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കസേരയിൽ തൂങ്ങിക്കിടക്കുകയാണെന്നും, ഇത്തരം ജനവിരുദ്ധ ഏജൻസികൾ നരേന്ദ്ര മോദിയുടെ അഹങ്കാരം തകർക്കുമെന്നും രാഹുൽ ഗാന്ധി ഡൽഹിയിൽ പ്രതികരിച്ചു.

അതിനിടെ, വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസ്ഇയും നിലവിൽ സ്വീകരിക്കുന്ന നടപടികൾ പ്രശ്നപരിഹാരത്തിന് ഉതകുന്നതല്ലെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയാണ്. വിവാദമായ ഓൺ സ്ക്രീൻ മാർക്കിങ് (OSM) വഴിയുള്ള ഫലം റദ്ദാക്കി പഴയ രീതിയിൽ പുനർമൂല്യനിർണയം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം പുനർമൂല്യനിർണയത്തിനായുള്ള പോർട്ടലിന്റെ സാങ്കേതിക തകരാറുകൾ നിലവിൽ പരിഹരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർഥികളുടെ താൽപര്യത്തിനാണ് മുൻഗണനയെന്ന് ആവർത്തിക്കുമ്പോഴും തിടുക്കപ്പെട്ട് പരീക്ഷിച്ച ഡിജിറ്റൽ മാർക്കിങ് രീതി ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിബിഎസ്ഇക്ക് കഴിഞ്ഞിട്ടില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പഠിക്കാൻ ഐഐടി മദ്രാസ്, ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചതും ഉത്തരക്കടലാസിന്റെ പകർപ്പിനായി അധികം ഈടാക്കിയ ഫീസ് തിരികെ നൽകിയതും കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. മൂല്യനിർണയത്തിന്റെ ആദ്യഘട്ടമായ സ്കാനിങ്ങിൽ തന്നെ വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ലഭിച്ച ഉത്തരക്കടലാസിന്റെ പകർപ്പുകളിൽ പേര് മാത്രമാണ് തങ്ങളുടേതെന്നും ഉള്ളിലെ ഉത്തരങ്ങൾ മറ്റാരുടേതോ ആണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ചിലർക്ക് ലഭിച്ചത് ഉത്തരക്കടലാസിന്റെ ചില ഭാഗങ്ങൾ മാത്രമാണ്, ലഭിച്ചവയാകട്ടെ പൂർണ്ണമായും അവ്യക്തവുമാണ്. ഈ സാഹചര്യത്തിൽ എങ്ങനെ പുനർമൂല്യനിർണയം സാധ്യമാകും എന്നാണ് വിദ്യാർഥികളുടെ ചോദ്യം.

പ്രതിസന്ധികൾ കണക്കിലെടുത്ത് ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയം ഇന്ന് അർധരാത്രി വരെ നീട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യം പരിശോധിച്ച് ഈ സമയം ഇനിയും നീട്ടണമോ എന്ന കാര്യത്തിൽ സിബിഎസ്ഇ തീരുമാനമെടുക്കും. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സമയം നാളെ മുതൽ മെയ് 29 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ മാറ്റം വരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

ENGLISH SUMMARY:

Rahul Gandhi slams CBSE evaluation errors, criticizing the Modi-Dharmendra Pradhan nexus for the mismanagement of a key national institution. Students are demanding a cancellation of the controversial on-screen marking results and a return to the old re-evaluation method, citing significant flaws in the initial scanning process.