സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയത്തിലെ അപാകതകളില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ ഇടപെട്ട് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സിബിഎസ്ഇയോട് റിപ്പോർട്ട് തേടി. സൈറ്റിലെ തകരാർ മൂലം അധികമായി ഇടാക്കിയ ഫീസ് തിരിച്ച് നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഉത്തരക്കടലാസിന്‍റെ പകര്‍പ്പിന് അപേക്ഷിക്കാനുള്ള തിയതി നീട്ടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണ്ണയം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
സിബിഎസ്ഇ 12ആം ക്ലാസ് പരീക്ഷ ഫലത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ ഓരോദിവസവും രൂക്ഷമാവുകയാണ്. വിദ്യാഭ്യാസമന്ത്രാലത്തിന്‍റെയും സിബിഎസ്ഇയുടെയും പിടിപ്പുകേടില്‍ ദുരിതത്തിലായിരിക്കുകയാണ് 17ലക്ഷം വിദ്യാര്‍ഥികളുടെ തുടര്‍പഠനം. പുനര്‍മൂല്യനിര്‍ണയ സൈറ്റിലെ സാങ്കേതിക തകരാറ് പരിഹരിക്കപ്പെട്ടില്ല. സൈറ്റിലേക്ക് കയറാനാകുന്നില്ല, അപേക്ഷിച്ചവര്‍ക്ക് ഉത്തരകടലാസിന്‍റെ പകര്‍പ്പ് ലഭിച്ചില്ല, ലഭിച്ച പകര്‍പ്പുകള്‍ വ്യക്തമല്ല, അധിക ഫീസ് ഈടാക്കി പരാതികള്‍ നീണ്ട് പോവുകയാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രിയും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും രാജിവക്കണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സിബിഎസ്ഇയില്‍ നിന്നും റിപ്പോർട്ട് തേടിയത്. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിക്കും ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ നടപടി ഉണ്ടായേക്കും. പ്രശ്നത്തെ അതീവ ഗൗരവത്തോട കാണുന്നു എന്നും സാങ്കേതിക തകരാറുകളും പേയ്‌മെന്റ് പ്രശ്നങ്ങളും ഉടൻ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സൈറ്റിലെ സാങ്കേതിക തകരാർ മൂലം അധികമായി ഇടാക്കിയ ഫീസ് പണമടച്ച അതേ മാർഗത്തിലൂടെ തന്നെ തിരിച്ച് നല്‍കുമെന്നും ഇതിനായി വിദ്യാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും സിബിഎസ്ഇ അറിയിച്ചു. സമാനമായി കുറഞ്ഞ തുക നൽകിയ വിദ്യാർത്ഥികൾക്ക് ബാക്കി തുക അടയ്ക്കുന്നതിനായി സിബിഎസ്ഇ അറിയിപ്പ് നൽകും.