ചികിത്സയിലുള്ള അമ്മയെ കാണാനായി ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് പ്രതിയും ആക്റ്റിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് മൂന്നുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2020ലെ കേസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദ് ജയിലില്‍ കഴിയുന്നത്.
നേരത്തേ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് വിചാരണക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജൂണ്‍ 1 മുതല്‍ 3വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. താൽക്കാലികമായി മോചനം നൽകണമെന്ന ഹർജി മേയ് 19-ന് വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്.
മേയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. തന്റെ അമ്മാവന്റെ ചരമശുശ്രൂഷാ ചടങ്ങുകളിൽ പങ്കെടുക്കാനും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന അമ്മയെ പരിചരിക്കാനുമാണ് ജാമ്യം ആവശ്യപ്പെട്ടത്.
എന്നാല്‍ അമ്മാവന്‍ അടുത്ത ബന്ധുവല്ലെന്നും അമ്മയെ പരിചരിക്കാന്‍ മറ്റു കുടുംബാംഗങ്ങള്‍ ഉണ്ടെന്നുമായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഈ നിരീക്ഷണം തെറ്റാണെന്നും അമ്മാവനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഈ വേദന നിറഞ്ഞ സമയത്ത് 87കാരിയായ മുത്തശ്ശിയോടൊപ്പം സമയം ചിലവഴിക്കണമെന്നുമായിരുന്നു ഉമര്‍ വാദിച്ചത്. ഇതിനു ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.