വിദേശത്തേക്ക് യാത്ര നടത്തുന്നവരില്‍ നിന്ന് പ്രത്യേക ടാക്സ്/ സര്‍ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉന്നതതലത്തില്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎന്‍ബിസി–ടിവി 18 ആണ് വിദേശയാത്രയ്ക്ക് നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സത്യത്തിന്‍റെ ഒരംശം പോലും ആ വാര്‍ത്തയില്‍ ഇല്ലെന്നും തീര്‍ത്തും അസംബന്ധമാണ് പ്രചരിക്കുന്നതെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അപൂര്‍വമായാണ് പ്രധാനമന്ത്രി നേരിട്ട് ഇത്തരമൊരു കാര്യത്തില്‍ പ്രതികരിക്കുന്നത്. 'ഇത് തീര്‍ത്തും തെറ്റാണ്. സത്യത്തിന്‍റെ കണിക പോലും ഇല്ല. വിദേശ യാത്രയില്‍ അത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചോദ്യമേ ഉദിക്കുന്നില്ല. ജനങ്ങളുടെ സൗകര്യവും ക്ഷേമവുമാണ് എല്ലായ്പ്പോഴും സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും' പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കകം വാര്‍ത്ത പിന്‍വലിച്ച് സിഎന്‍ബിസി ഖേദം പ്രകടിപ്പിച്ചു. ' വിദേശ യാത്രയ്ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നീക്കമെന്ന പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പിഴവുണ്ടായി. ആ വാര്‍ത്ത പിന്‍വലിക്കുകയും തെറ്റില്‍ ഖേദിക്കുകയും ചെയ്യുന്നു'വെന്നായിരുന്നു എക്സിലെ വിശദീകരണം.
യുഎസും ഇസ്രയേലും ഇറാന് മേല്‍ നടത്തിയ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ നഷ്ടം നികത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ നികുതിക്ക് നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട് പറഞ്ഞിരുന്നത്. ഇങ്ങനെ വിദേശ യാത്രയ്ക്ക് ഈടാക്കുന്ന സെസ് നേരിട്ട് കേന്ദ്രസര്‍ക്കാരിലേക്കാകും പോകുകയെന്നും ഒരു വര്‍ഷത്തേക്കാകും സെസ് നിലവിലുണ്ടാകുക എന്നുമാണ് റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇന്ധനം ലാഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അനാവശ്യ വിദേശയാത്രകള്‍ ഒഴിവാക്കുകയും സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കുകയും ചെയ്യണമെന്നും കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വിദേശ്യനാണ്യ വിനിമയം സന്തുലിതമാക്കാന്‍ മാത്രമല്ല, യുദ്ധക്കെടുതി കുറയ്ക്കാനും ഇത് സഹായിക്കുമെന്നും തെലങ്കാനയില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. 'അതിര്‍ത്തിയില്‍ ശത്രുവിനോട് പോരാടി ജീവന്‍ ത്യജിക്കാനുള്ള സന്നദ്ധത മാത്രമല്ല ദേശസ്നേഹം, ദൈനം ദിന ജീവിതത്തില്‍ പാലിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങും പുലര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം കൂടിയാണത്' എന്നും മോദി പറഞ്ഞിരുന്നു.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്നലെ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്.