drug-amitshah

Image Credit: Twitter

ഓപ്പറേഷന്‍ റേജ്പില്ലിലൂടെ 182 കോടിയുടെ ക്യാപ്റ്റഗണ്‍ എന്ന ലഹരിമരുന്ന് പിടിച്ചെടുത്ത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ആഭ്യന്തര മന്ത്രി അമിഷായാണ് എന്‍സിബി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം എക്സിലൂടെ പങ്കുവച്ചത്. ജിഹാദി ഡ്രഗ് എന്ന പേരില്‍ അറിയപ്പെടുന്ന ക്യാപ്റ്റഗണ്‍ ഗുളികളും പൊടികളുമാണ് അന്വേഷണസംഘം കണ്ടെത്തിയത്. പശ്ചിമേഷ്യന്‍ വിപണി ലക്ഷമിട്ട് കടത്താനിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ റേജ്പില്‍ എന്ന വന്‍ ലഹരിവിരുദ്ധ വേട്ടയിലൂടെ 'ലഹരിമുക്ത ഭാരതം' എന്ന നരേന്ദ്ര മോദി സർക്കാരിന്‍റെ ദൃഢനിശ്ചയമാണ്  വ്യക്തമാകുന്നതെന്ന് അമിത് ഷാ പറഞ്ഞു. അമിത് ഷാ പങ്കുവച്ച കുറിപ്പ് ഇങ്ങനെ...'ഓപ്പറേഷൻ റേജ്പില്ലി'ലൂടെ നമ്മുടെ ഏജൻസികൾ 182 കോടി രൂപ വിലമതിക്കുന്ന, 'ജിഹാദി ഡ്രഗ്' എന്ന് വിളിക്കപ്പെടുന്ന കാപ്റ്റഗൺ ആദ്യമായി പിടിച്ചെടുത്ത വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. മിഡിൽ ഈസ്റ്റിലേക്ക് കടത്താൻ ലക്ഷ്യമിട്ടിരുന്ന മയക്കുമരുന്ന് ശേഖരം തകർത്തതും ഒരു വിദേശ പൗരനെ അറസ്റ്റ് ചെയ്തതും, ലഹരിമരുന്നുകളോട് രാജ്യം പുലർത്തുന്ന 'സീറോ ടോളറൻസ്' നയത്തിന്‍റെ തിളക്കമാർന്ന ഉദാഹരണങ്ങളാണ്. ഞാൻ ആവർത്തിക്കുന്നു, ഇന്ത്യയിലേക്ക് കടക്കുന്നതോ അല്ലെങ്കിൽ നമ്മുടെ രാജ്യം ഒരു ട്രാൻസിറ്റ് റൂട്ടായി ഉപയോഗിച്ച് പുറത്തേക്ക് പോകുന്നതോ ആയ ഓരോ ഗ്രാം മയക്കുമരുന്നിനും എതിരെ നമ്മൾ ശക്തമായ നടപടിയെടുക്കും. എൻസിബിയിലെ ധീരരും ജാഗരൂകരുമായ പോരാളികൾക്ക് അഭിനന്ദനങ്ങൾ' അമിത് ഷാ കുറിച്ചു.

1960-കളിൽ ആദ്യമായി വികസിപ്പിച്ചെടുത്ത ഫെനെത്തിലൈൻ എന്ന ഉത്തേജകമരുന്നിന്‍റെ ഒരു തെരുവ് നാമമാണ് ക്യാപ്റ്റഗണ്‍. അറ്റന്‍ഷന്‍ ഡിസോര്‍ഡര്‍, നാർകോലെപ്സി, തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി തുടക്കത്തിൽ ഇത് നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഇതിന്‍റെ തീവ്രമായ ലഹരിസ്വഭാവവും ദുരുപയോഗ സാധ്യതയും കണക്കിലെടുത്ത് പിന്നീട് രാജ്യാന്തരതലത്തില്‍  തന്നെ ക്യാപ്റ്റഗണ്‍ നിരോധിക്കുകയായിരുന്നു. ഇന്ന്, കരിഞ്ചന്തകളിൽ വില്‍ക്കുന്ന ഭൂരിഭാഗം വ്യാജ കാപ്റ്റഗൺ ഗുളികകളും രഹസ്യ കേന്ദ്രങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ പലപ്പോഴും ആംഫെറ്റാമൈൻ (amphetamine), മെത്താഫെറ്റാമൈൻ (methamphetamine), കഫീൻ, കൂടാതെ മറ്റ് സിന്തറ്റിക് ഉത്തേജകങ്ങളുടെ മിശ്രിതവും ഉണ്ടായിരിക്കും. 

ക്യാപ്റ്റഗണിന്‍റെ ഉത്തേജന ശേഷിയും ഉന്മാദാവസ്ഥ നല്‍കാനുളള കഴിവും കാരണം പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഈ ഉത്തേജകമരുന്ന് ആളുകളിൽ ജാഗ്രതയും ഊർജവും വര്‍ധിപ്പിക്കും, വിശപ്പും ക്ഷീണവും കുറയ്ക്കുകയും, താൽക്കാലികമായ ഒരു പരമാനന്ദ അനുഭൂതി നല്‍കുകയും ചെയ്യും. എന്നാല്‍ ഇവയ്ക്കൊപ്പം തന്നെ അക്രമവാസന , ചിന്തിക്കാതെയുള്ള പെരുമാറ്റം, എടുത്തുചാട്ടം, മാനസികമായ അടിമപ്പെടൽ എന്നിവയിലേക്കും ഇത് നയിച്ചേക്കാം. 

ജിഹാദി ഡ്രഗ് എന്ന പേര് വന്നത് എങ്ങനെ?

സിറിയ, ഇറാക്ക് പോലുളള ഇസ്​​​ലാമിക് സ്റ്റേറ്റുകളിലെ തീവ്രവാദ സംഘടനകള്‍ ഈ മരുന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ക്ഷീണം കുറയ്ക്കാനും, ഭയം ഇല്ലാതാക്കാനും, ഊർജവും ആക്രമണോത്സുകതയും വർദ്ധിപ്പിക്കാനും ഈ ലഹരി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതില്‍ നിന്നെല്ലാമാണ്  ക്യാപ്റ്റഗണിന് ജിഹാദി ഡ്രഗ് എന്ന പേര് ലഭിച്ചത്. 

താരതമ്യേന കുറഞ്ഞ ഉൽപ്പാദനച്ചിലവും കരിഞ്ചന്തകളിലെ നിയമവിരുദ്ധമായ ആവശ്യകതയും കണക്കിലെടുത്ത് ക്യാപ്റ്റഗണിനെ പലപ്പോഴും 'പാവപ്പെട്ടവന്‍റെ കൊക്കെയ്ൻ' (Poor Man's Cocaine) എന്നും വിളിക്കാറുണ്ട്. പശ്ചിമേഷ്യയില്‍ ഉയർന്നുവരുന്ന ഏറ്റവും ഗുരുതരമായ സിന്തറ്റിക് മയക്കുമരുന്ന് ഭീഷണികളിലൊന്നായി അന്താരാഷ്ട്ര ഏജൻസികൾ കാപ്റ്റഗൺ വ്യാപാരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Operation Rage Pill has led to a massive 182 crore drug seizure of Captagon by the Narcotic Control Bureau. This significant bust highlights the government's commitment to a 'drug-free India' as praised by Union Home Minister Amit Shah.