നീറ്റ്-യുജി ബയോളജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ പുണെയിൽ നിന്നുള്ള ഒരു ബോട്ടണി അധ്യാപികയെക്കൂടി കേന്ദ്ര അന്വേഷണ ഏജൻസി (CBI) അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒൻപതായി.

പുണെയിൽ നിന്നുള്ള ബോട്ടണി അധ്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെയെ സി.ബി.ഐ ചോദ്യം ചെയ്തതിന് ശേഷം ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)  എക്സ്പര്‍ട്ടായി  നിയമിച്ചതിനെത്തുടർന്ന്  നീറ്റ്-യുജി പരീക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു ഇവരെന്ന് സി.ബി.ഐ അറിയിച്ചു. നേരത്തെ അറസ്റ്റിലായ പുണെയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി  കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇവർ നീറ്റ് ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുകയും ഈ വിദ്യാർത്ഥികൾക്കായി സ്വന്തം വീട്ടിൽ വെച്ച് കോച്ചിങ് ക്ലാസുകൾ നടത്തുകയും ചെയ്തു. ബോട്ടണി, സുവോളജി വിഷയങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവർ വിദ്യാർത്ഥികൾക്ക് ചോർത്തി നൽകിയതായും കുട്ടികളെക്കൊണ്ട് അത് നോട്ടുബുക്കുകളിൽ എഴുതിക്കുകയും പാഠപുസ്തകങ്ങളിൽ അടയാളപ്പെടുത്തുകയും ചെയ്തതായും സി.ബി.ഐ പറഞ്ഞു. മെയ് 3-ന് നടന്ന യഥാർത്ഥ നീറ്റ്-യുജി പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും അധ്യാപിക പങ്കുവെച്ചതുമായി ഒത്തുപോകുന്നതാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളമുള്ള ആറിടങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തുകയും കുറ്റാരോപണത്തിന് ആധാരമായ രേഖകൾ, ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത സാധനങ്ങളുടെ വിശദമായ പരിശോധന നടന്നുവരികയാണെന്നും സി.ബി.ഐ അറിയിച്ചു. കേസിൽ ഇതുവരെ അറസ്റ്റിലായ ഒൻപത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹല്യാനഗർ എന്നിവടങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ അഞ്ച് പേർ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. പുണെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണ്. ബാക്കിയുള്ളവരെ ചോദ്യം ചെയ്തു വരുന്നു.

കെമിസ്ട്രി, ബയോളജി പേപ്പറുകൾ യഥാർത്ഥത്തിൽ എവിടെ നിന്നാണ് ചോർന്നതെന്നും, ലക്ഷക്കണക്കിന് രൂപ നൽകി പ്രത്യേക കോച്ചിങ് ക്ലാസുകളിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ സഹായിച്ച ഇടനിലക്കാർ ആരൊക്കെയാണെന്നും   അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. ഈ ക്ലാസുകളിലാണ് നീറ്റ് പരീക്ഷയ്ക്ക് വരാനിരിക്കുന്ന ചോദ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തത്. എൻ.ടി.എയ്ക്ക് വേണ്ടി പരീക്ഷാ നടപടിക്രമങ്ങളുമായി സഹകരിച്ചിരുന്ന കെമിസ്ട്രി ലക്ചററായ പി.വി. കുൽക്കർണി എന്ന പ്രധാന സൂത്രധാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി സി.ബി.ഐ അറിയിച്ചിരുന്നു. ഇയാൾക്ക് നീറ്റ്-യുജി 2026 ചോദ്യപേപ്പറുകളിലേക്ക് പ്രവേശനമുണ്ടായിരുന്നു. ഏപ്രിൽ അവസാന വാരത്തിൽ കുൽക്കർണി, മനീഷ വാഗ്മറെയുമായി ചേർന്ന് തിരഞ്ഞെടുത്ത ചില വിദ്യാർത്ഥികൾക്കായി തന്റെ വീട്ടിൽ പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചതായി സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞു.

ഈ കോച്ചിങ് സെഷനുകളിൽ ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും ഇയാൾ പറഞ്ഞു കൊടുത്തിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ നോട്ട്ബുക്കുകളിൽ കൈപ്പടയിൽ എഴുതിയെടുത്ത ചോദ്യങ്ങൾ 2026 മെയ് 3-ന് നടന്ന നീറ്റ്-യുജി 2026 പരീക്ഷയിലെ യഥാർത്ഥ കെമിസ്ട്രി പേപ്പറുമായി കൃത്യമായി ഒത്തുപോകുന്നതായിരുന്നുവെന്നും സി.ബി.ഐ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയെ തുടർന്ന് മെയ് 12-നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ച കേസ് ഫയൽ ചെയ്തത്.

ENGLISH SUMMARY:

NEET UG 2026 biology paper leak involves a Pune botany teacher's arrest by CBI, bringing the total to nine. The investigation reveals a widespread coaching scam with leaked questions, impacting numerous students