vande-bharat-tte

യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസില്‍ ടിക്കറ്റിന് ഡിസ്ക്കൗണ്ട് വാഗ്ദാനം ചെയ്ത ടിടിഇയെ സസ്പെന്‍ഡ് ചെയ്ത് റെയില്‍വെ. യാത്രക്കാരനുമായി ടിക്കറ്റ് വില ചര്‍ച്ച ചെയ്യുന്ന ടിടിഇയുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി. 700 രൂപയുടെ ടിക്കറ്റ് താന്‍ 380 രൂപയ്ക്ക് നല്‍കാം എന്നാണ് ടിടിഇ വിഡിയോയില്‍ പറയുന്നത്. 

ടിടിഇയും യാത്രക്കാരനും റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും സംസാരിക്കുന്ന വിഡിയോയാണ് എക്സില്‍ പ്രചരിക്കുന്നത്. യാത്രക്കാരനോട് നിങ്ങള്‍ ആവശ്യപ്പെട്ടകാര്യം നടക്കില്ലെന്ന് ടിടിഇ വിഡിയോയില്‍ പറയുന്നുണ്ട്. പിന്നാലെയാണ് ടിക്കറ്റിന് ഡിസ്ക്കൗണ്ട് ഓഫര്‍ ചെയ്യുന്നത്. തനിക്ക് 380 രൂപയ്ക്ക് ടിക്കറ്റ് നല്‍കാന്‍ സാധിക്കുമെന്നും നേരിട്ട് ബുക്ക് ചെയ്യുകയാണെങ്കില്‍ 700 രൂപയോളം നല്‍കേണ്ടി വരുമെന്നും ടിടിഇ പറയുന്നു. 

ഇതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തു. എന്നാല്‍ വിലയിലെ വ്യത്യാസം വിശദീകരിക്കുയാണ് ടിടിഇ. ബിഹാറിലെ ഹാജിപുരിലാണ് സംഭവമെന്നാണ് സൂചന. എന്നാല്‍ ഏത് റൂട്ടിലെ ട്രെയിനില്‍ എപ്പോള്‍ നടന്നതാണെന്നതില്‍ വ്യക്തതയില്ല. വിഡിയോയ്ക്ക് താഴെ ടിടിഇയെ എതിര്‍ത്തും പരിഹസിച്ചുമാണ് കമന്‍റുകള്‍.

സര്‍ക്കാറിന്‍റെ കൊള്ളയില്‍ നിന്നും രക്ഷിക്കാനാണ് ടിടിഇ ശ്രമിച്ചതെന്നും എന്നാല്‍ ജനങ്ങള്‍ സ്വന്തം കാലില്‍ കോടാലി വെയ്ക്കുകയാണെന്നും ഒരാള്‍ എഴുതി. നിങ്ങള്‍ പുതിയൊരു വഴി കാണിച്ചു തന്നു, ഇനി പലരും ഇത് ഉപയോഗിക്കും എന്നാണ് മറ്റൊരു കമന്‍റ്. വിഡിയോ വൈറലായതിന് പിന്നാലെ റെയില്‍വെ നടപടിയെടുക്കുകയായിരുന്നു. വിഡിയോയുടെ കമന്‍റ് സെക്ഷനില്‍ റെയിൽവേ സേവയും ഡിആർഎം ദനാപൂരും സസ്പെന്‍ഷന്‍ വിവരം കമന്‍റിട്ടിട്ടുണ്ട്. 

 

ENGLISH SUMMARY:

A Travelling Ticket Examiner (TTE) was suspended by the Railways after a video of him offering an unauthorized discount on a Vande Bharat Express ticket went viral on social media. In the video, the TTE is seen telling a passenger on a platform that he could provide a ₹700 ticket for just ₹380 if paid directly to him. After the passenger questioned the price discrepancy, the footage gained widespread attention on X (formerly Twitter), leading to a range of public reactions. Following the viral clip, Railway Seva and DRM Danapur confirmed the TTE's suspension via official comments.