തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ജ്യോതിഷിയുടെ സര്‍ക്കാര്‍ നിയമനം റദ്ദാക്കി. ഇന്നലെയാണ് റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആക്കിയുള്ള നിയമനം നടത്തിയിരുന്നത്. എന്നാല്‍ നിയമന വിവരം പുറത്തുവന്നതിനു പിന്നാലെ സഖ്യകക്ഷികളില്‍ നിന്നടക്കം വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് നിയമനം റദ്ദാക്കിയത്.

സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിസികെ, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒഎസ്ഡി നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ജ്യോതിഷിയ്ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയ നടപടിയൊന്ന് വിശദീകരിക്കാമോ എന്ന ചോദ്യവുമായാണ് സഖ്യകക്ഷികള്‍ രംഗത്തെത്തിയിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന ഈ പാര്‍ട്ടിനേതാക്കളില്‍ പലരും വിജയ്‌യുടെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയാണ് പ്രതികരണം നടത്തിയിരുന്നത്.

ഒരു ജ്യോതിഷിക്കൊരു ഒഎസ്ഡി തസ്തിക എന്തിനാണ്? ആർക്കെങ്കിലും ഇത് വിശദീകരിക്കാമോ? എന്നാണ് കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ എക്സിലൂടെ ചോദിച്ചിരുന്നത്. വിസികെ ജനറല്‍ സെക്രട്ടറി ഡി രവികുമാറും ഈ വിഷയത്തില്‍ പ്രതികരിച്ചു. ഒരു മതേതര സര്‍ക്കാറില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഇക്കാര്യം പുനഃപരിശോധിക്കണമെന്നും രവികുമാര്‍ പറഞ്ഞു.

ജനങ്ങളില്‍ ശാസ്ത്രീയ മനോഭാവമാണ് വളര്‍ത്തേണ്ടത്, ഇദ്ദേഹം ഒരു ജ്യോതിഷി മാത്രമാണ്, ഭരണഘടനാ വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ഈ നിയമനം തമിഴ്നാട് സർക്കാർ ഉടൻ പിൻവലിക്കണമെന്നും രവികുമാര്‍ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ചിലവിൽ ഇത്തരമൊരു വ്യക്തിയെ ഉദ്യോഗസ്ഥനായി നിയമിക്കുന്നത് ജനങ്ങൾക്കിടയിൽ ജ്യോതിഷത്തിലുള്ള വിശ്വാസം വർധിപ്പിക്കാനേ ഉപകരിക്കൂവെന്നും ഇദ്ദേഹം രാഷ്ട്രീയ ഉപദേശം നല്‍കുമെന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. ഷണ്‍മുഖവും പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ ടിവികെ വന്‍വിജയം നേടുമെന്ന് പ്രവചിച്ച വ്യക്തിയാണ് രാധൻ പണ്ഡിറ്റ് വെട്രിവേല്‍. പ്രചാരണസമയങ്ങളില്‍ ടിവികെയുടെ അടുത്ത സഹായി കൂടിയായിരുന്നു. ഇത്തരം വൈകാരിക ബന്ധങ്ങളൊന്നും തല്‍ക്കാലം തങ്ങള്‍ക്ക് ദഹിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പറയുന്നത്.

 

 

 

Vetri Vel's OSD Appointment Revoked: What Led to the Cancellation?:

Tamil Nadu CM astrological appointment cancellation highlights a major political controversy surrounding the government's decision to appoint an astrologer as Officer on Special Duty. This cancellation came after widespread criticism from alliance partners and public outcry, raising questions about the government's alignment with rationalism and scientific temper.