നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെ കൂടുതല്‍ അറസ്റ്റ്. രാജസ്ഥാനിലെ യുവമോര്‍ച്ചാ നേതാവ് ദിനേഷ് ബിവാള്‍ ഉള്‍പ്പടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. നീറ്റ് ചോദ്യപേപ്പർ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം.

ജയ്‌പൂരിൽ നിന്ന് മാംഗിലാൽ ബിവാൾ, വികാസ് ബിവാൾ, ദിനേഷ് ബിവാൾ എന്നിവരും ഗുഡ്ഗാവിലെ യഷ് യാദവ്, നാസിക്കിലെ ശുഭം ഖൈർനാർ എന്നിവരുമാണ് അറസ്റ്റിലായത്. പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് രാജ്യമെമ്പാടും പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് നടപടി. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ വമ്പൻ ശൃംഖലയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായത് അമ്പതോളം പേരാണ്. 

ഡെറാഡൂണിലെ അറസ്‌റ്റിന് കേരളവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ രാജസ്ഥാനിലെ സീക്കർ സ്വദേശിയായ കരിയർ കൗൺസിലർ രാകേഷ് കുമാറിന് കേരളത്തിൽ പരീക്ഷയെഴുതിയ ഒരു വിദ്യാർഥിയിൽ നിന്നാണ് ചോദ്യങ്ങൾ ലഭിച്ചത്. ഇതിലെ 410 ചോദ്യങ്ങളിൽ 150 ചോദ്യങ്ങൾ യഥാർഥ ചോദ്യപേപ്പറിൽ ഉണ്ടായി. തുടക്കത്തിൽ 5 ലക്ഷം രൂപയ്ക്കും പരീക്ഷാ തീയതി അടുത്തപ്പോൾ 30,000 രൂപയ്ക്കുമാണ് ഇയാൾ ഈ ചോദ്യങ്ങൾ വിറ്റത്. 

തട്ടിപ്പ് സംഘത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുന്നവർ, ആൾമാറാട്ടം നടത്തുന്നവർ, കോച്ചിങ് സെന്റർ കൗൺസിലർമാർ, എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്താനുള്ള നടപടിക്രമങ്ങൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് എന്‍ടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് അറിയിച്ചു. കോൺഗ്രസും ബിജെഡിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

NEET paper leak investigations have led to further arrests across India, with the CBI apprehending five individuals, including a Rajasthan Yuva Morcha leader. The investigation into the NEET UG 2024 exam leak suggests the paper originated from Nashik, and a large network is suspected to be involved.