തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി നിയമനം. സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി രാധന്‍ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങി. തിരഞ്ഞെടുപ്പിനിടക്ക് സത്യപ്രതിജ്ഞയ്ക്കും വിജയ് രാധന്‍ പണ്ഡിറ്റിന്‍റെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. മെയ് പത്തിന് 3.45ന് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് രാധന്‍ പണ്ഡിറ്റ് നിര്‍ദേശിച്ച മുഹൂര്‍ത്ത പ്രകാരം രാവിലെ പത്ത് മണിയിലേക്ക് മാറ്റിയിരുന്നു.
നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷ രംഗത്ത് സജീവമായ രാധൻ പണ്ഡിറ്റ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ-ബിസിനസ് പ്രമുഖരുടെ വിശ്വസ്തനായ ആത്മീയ ഉപദേശകനാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായിയും അവരുടെ നിർണായക തീരുമാനങ്ങളിൽ ഉപദേശം നൽകിയിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.
ടിവികെ വിജയിക്കുമെന്ന് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് രാധന്‍ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. വിജയ്യുടേത് അതിശക്തമായ 'സുനാമി ജാതക'മാണെന്നും ടിവികെ 140 മുതൽ 170 വരെ സീറ്റുകൾ നേടി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു പ്രവചനം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നീലാങ്കരയിലെ വസതിയില്‍ വിജയ്യെ സന്ദര്‍ശിക്കാനെത്തിയ രാധന്‍ പണ്ഡിറ്റിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.