ഇന്ധന ഗ്യാസ് ഉപയോഗത്തിൽ കർശന നിയന്ത്രണത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനു പിന്നാലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രത്തിന്റെ നിർണായക യോഗം. പ്രതിരോധ മന്ത്രി രാജനാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിതല സമിതിയിൽ നിയന്ത്രണങ്ങൾ ആവശ്യമോ എന്ന് തീരുമാനിക്കും. ജനം നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഭരണപരാജയമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഇന്ധന പ്രതിസന്ധിയും തുടരുന്നതിനാൽ ജനം ഇന്ധന ഗ്യാസ് ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നാണ് മോദിയുടെ അഭ്യർത്ഥന. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം. സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി ഒഴിവാക്കണം എന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വീണ്ടും നിർബന്ധിത നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്കിടയാണ് നിർണായക യോഗം ചേരുന്നത്. കേന്ദ്രമന്ത്രി രാജനാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതി സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളും ഇന്ധന പ്രതിസന്ധിയും വിലയിരുത്തും. നിയന്ത്രണങ്ങൾ ആവശ്യമോ എന്ന് പരിശോധിക്കും.
പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ 12 വർഷത്തെ സർക്കാരിന്റെ ഭരണപരാജയം പ്രതിഫലിക്കുന്നതാനെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിമർശിച്ചു. എന്ത് വാങ്ങണം, വാങ്ങരുത്, എവിടെ പോകണം, പോകരുത് എന്ന് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ട ഗതികേടിലേക്ക് രാജ്യത്തെ എത്തിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ പ്രധാനമന്ത്രി ജനങ്ങളുടെ മേൽ കുറ്റം ചാർത്തുകയാനെന്നും രാഹുൽ. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.