Image Credit : Twitter
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതെ ഭാര്യ സംഗീതയും മക്കളും. നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയ് അധികാരക്കസേരയിലേറുന്നത് കാണാന്‍ ഭാര്യ സംഗീതയും മക്കളും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അപ്രതീക്ഷിതമായി കടന്നുവന്ന് ചടങ്ങില്‍ തിളങ്ങിയതാകട്ടെ നടി തൃഷയും. ഇപ്പോള്‍ സോഷ്യലിടത്ത് പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നതും ചടങ്ങിലെ സംഗീതയുടേയും മക്കളുടെയും അഭാവമാണ്.
വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. കൂട്ടത്തില്‍ സൈബറിടം തിരഞ്ഞതാകട്ടെ ഭാര്യ സംഗീതയെയും മകന്‍ ജേസൺ സഞ്ജയെയും മകള്‍ സാഷയെയുമാണ്. മൂവരും ചടങ്ങിനെത്തിയില്ലെന്ന് മാത്രമല്ല വിജയ്യുടെ നേട്ടത്തില്‍ യാതൊരു വിധ പ്രതികരണവും നടത്തിയിട്ടുമില്ല. അതേസമയം പ്രിയപ്പെട്ട സുഹൃത്തിന്‍റെ നേട്ടത്തില്‍ ഏറെ സന്തോഷവതിയായാണ് നടി തൃഷ ചടങ്ങിനെത്തിയത്.
ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ വിജയ്യുടെ പേരിനൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് തൃഷയുടെ പേരാണ്. വിജയ്ക്കെതിരായ വിവാഹമോചന പരാതിയ്ക്ക് പിന്നില്‍ തൃഷയാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുമുളള വാര്‍ത്തകളും സൈബറിടത്ത് നിറഞ്ഞുനിന്നു. വിജയ്യുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ ഈ വിവാഹമോചന ഹര്‍ജിയും എതിരാളികള്‍ കരുവാക്കിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെയും വിവാദങ്ങളെയും വകവയ്ക്കാതെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃഷ വിജയ്യെ കാണാന്‍ വസതിയിലെത്തി. ആള്‍ക്കൂട്ടം വോട്ടാകില്ലെന്ന് പറഞ്ഞവരെ നോക്കി നിര്‍ത്തി ആയിരങ്ങളെ സാക്ഷിയാക്കി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നേരില്‍ കാണാനും സന്തോഷം പങ്കിടാനും തൃഷ വീണ്ടുമെത്തി. എംജിആര്‍– ജയലളിത മോഡല്‍ എന്ന് സൈബറിടം വിമര്‍ശിക്കുമ്പോഴും അതെന്നും തെല്ലും മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് കുതിക്കുന്ന വിജയ്യെ അമ്പരപ്പോടെ നോക്കിക്കാണുകയാണ് രാജ്യം.