Image Credit: AFP
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ തമിഴകത്തിന്‍റെ മനം നിറച്ച് നടന്‍ വിജയ്. എന്‍ നെഞ്ചില്‍ കുടിയിരിക്കും തമിഴ് മക്കളേ എന്ന് പറഞ്ഞ് പതിവുശൈലിയില്‍ പ്രസംഗം തുടങ്ങിയ വിജയ് വിശപ്പെന്തെന്നും അപമാനമെന്തെന്നും തനിക്ക് അറിയാമെന്നും വേദനകളില്‍ ഒപ്പം നിന്ന തമിഴ് മക്കള്‍ക്ക് വേണ്ടി ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ പണം താന്‍ കൈക്കലാക്കുകയില്ലെന്നും അതിന്‍റെ ആവശ്യം തനിക്കില്ലെന്നും വിജയ് പറഞ്ഞു. ഖജനാവ് കാലിയാക്കിയാണ് ഡിഎംകെ അധികാരത്തില്‍ നിന്നിറങ്ങിപ്പോകുന്നത്. സാമ്പത്തിക നിലയെ പറ്റി ധവള പത്രം പുറത്തിറക്കുമെന്നും വ്യാജവാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ്യുടെ വാക്കുകള്‍ ഇങ്ങനെ: 'എന്ത് തുടങ്ങണം, എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. സിനിമയില്‍ നന്നായി കഷ്ടപ്പെട്ട് ഉയര്‍ന്ന് വന്ന ഒരു അസിസ്റ്റന്‍റ് ഡയറക്ടറുടെ മകനെന്ന നിലയ്ക്ക് ദാരിദ്ര്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം, ജീവിതം എന്താണെന്ന് എനിക്ക് നന്നായി അറിയാം. വലിയ രാജ പരമ്പരയില്‍ നിന്നൊന്നുമല്ല ഞാന്‍ വരുന്നത്. നിങ്ങളെപ്പോലെ ഒരാളാണ്. നിങ്ങളുടെ വീട്ടിലെ ഒരാളായി, നിങ്ങളുടെ മകനെ പോലെ നിങ്ങളുടെ ചേട്ടനെ പോലെ അനിയനെ പോലെ തന്നെയായിരിക്കും ഞാന്‍. നിങ്ങളും അതുപോലെ തന്നെ എന്നെ കണ്ടതുകൊണ്ടാണ് സിനിമയില്‍ ഇത്ര വലിയ സ്ഥാനം ലഭിച്ചത്. അതെല്ലാം വിട്ടിട്ട് നിങ്ങളോടുള്ള നന്ദി, ആ കടം വീട്ടുന്നതിനായി രാഷ്ട്രീയത്തിലേക്ക് വന്ന നിങ്ങളുടെ വിജയ്യെ, നീ വാ വിജയ്, ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്ന് പറഞ്ഞ് സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചതും നിങ്ങളാണ്.
ഈ യാത്രയില്‍ നേരിട്ട കഷ്ടപ്പാടുകളും ഏറ്റ അപമാനങ്ങളും ഒരു വശത്തുണ്ട്. എനിക്കൊപ്പം നിന്നതിന്‍റെ പേരില്‍ അതേ ബുദ്ധിമുട്ടുകളും അപമാനവും നിങ്ങള്‍ക്കുമുണ്ടായി. എന്നാല്‍ അതൊന്നും കാര്യമാക്കാതെ എന്‍റെ വേദനകളെ നിങ്ങളുടേതാക്കി നിങ്ങള്‍ എനിക്കൊപ്പം നിന്ന്, ഇന്ന് സി. ജോസഫ് വിജയ് എന്ന മുഖ്യമന്ത്രിയെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. എങ്ങനെ അതിന് നന്ദി പറയുമെന്ന് എനിക്കറിയില്ല.
എന്‍റെ പ്രിയപ്പെട്ടവരെ, ഞാനൊരു സാധാരണക്കാരനാണ്, ദൈവദൂതനല്ല. അതുചെയ്യാം ഇതുചെയ്യാം എന്ന് പറഞ്ഞ് നിങ്ങളെ വഞ്ചിക്കില്ല. എന്താണോ സാധ്യമായത് അത് മാത്രം ചെയ്യും. ഇപ്പോള്‍ നിങ്ങളുടെ മനസില്‍ ഒരു ചോദ്യമുണ്ടാവും. സാധ്യമല്ലാത്തത് ചെയ്യുമോ? ഇത്രയും കോടി ജനങ്ങള്‍ കൂടെയുള്ളപ്പോള്‍ എന്ത് വന്നാലും നേരിടാനുള്ള ആത്മവിശ്വാസമുണ്ട്.
ഇന്ന് നമ്മുടെ തമിഴ്നാട് സര്‍ക്കാര്‍ എത്തിപ്പെട്ട സാമ്പത്തിക നിലയെ കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. പത്ത് ലക്ഷം കോടിക്ക് മേല്‍ കടം ബാക്കി വച്ചാണ് പഴയ സര്‍ക്കാര്‍ പോയിരിക്കുന്നത്. ആ സര്‍ക്കാര്‍ ഖജനാവിനെ തുടച്ചുവടിച്ച് വച്ചിട്ട് പോയപ്പോള്‍ ചുമക്കാന്‍ പറ്റാത്ത ഭാരത്തെ ചുമലിലേക്ക് വച്ച നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഞാനെന്തോ ഉള്ളില്‍ വച്ച് പറയുന്നതാണെന്ന് തോന്നും, പക്ഷേ അങ്ങനെയല്ല, ഉള്ളില്‍ പോയി നോക്കിയാല്‍ അറിയാം എന്തുണ്ട് എന്തില്ല എന്നത്. ഈ സര്‍ക്കാര്‍ സുതാര്യമായിരിക്കും. എന്ത് എങ്ങനെയൊക്കെയാണെന്ന് വ്യക്തമാക്കിയിട്ട് തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. അത് തന്നെയാണ് ആദ്യം ചെയ്യാനാഗ്രഹിക്കുന്നത്.
തമിഴ്നാടിനെ സംബന്ധിച്ച് ആരോടെങ്കിലും സംസാരിക്കണമെങ്കില്‍ മുഖം മറച്ച് പോകില്ല, ഒളിച്ച് പോകില്ല. എന്താണെങ്കിലും നിങ്ങളറിഞ്ഞിട്ടേ ചെയ്യൂ. ഈ കടമകള്‍ നിങ്ങള്‍ എനിക്ക് നല്‍കിയിരിക്കുകയാണ്. അതുപോലെ കുറച്ച് അവകാശങ്ങളും നല്‍കണമെന്ന് അപേക്ഷിക്കുകയാണ്. പറഞ്ഞതെല്ലാം പടിപടിയായി ഞാന്‍ നടപ്പിലാക്കും. ഇത് നിങ്ങളുടെ സര്‍ക്കാരാണ്. സ്ത്രീകളുെട സംരക്ഷണം കര്‍ശനമായും നടപ്പിലാക്കും. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളെടുക്കാമോ അതെല്ലാം ഇന്ന് തന്നെ എടുക്കും. നമ്മുടെ കുട്ടികളെ അതില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത് ഭരണാധികാരിയുടെ കടമയാണ്. നിയമപരമായി എല്ലാവര്‍ക്കും അവകാശപ്പെട്ട സംരക്ഷണം ഉറപ്പാക്കും. എന്നെ അപമാനിച്ചവരും കഷ്ടപ്പെടുത്തിയവരും എന്‍റെ ജനങ്ങളാണ്. ഒപ്പം നിന്നവരും ശത്രുക്കളാണെങ്കിലും എട്ട് കോടി പേരും എന്‍റെ ജനങ്ങളാണ്.
വിദ്യാഭ്യാസം, റേഷന്‍, ആരോഗ്യം, കുടിവെള്ളം, റോഡ് എന്നീ വിഷയങ്ങളില്‍ എന്‍റെ മുഴുവന്‍ ശ്രദ്ധയും ആദ്യമുണ്ടാവണം എന്ന് കരുതുന്നു. മുന്‍പ് പറഞ്ഞതുപോലെ ജനങ്ങളുടെ നയാപൈസ പോലും തൊടില്ല. എനിക്ക് അതിന്‍റെ ആവശ്യമില്ല. ഈ വിജയ് തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യാന്‍ അനുവദിക്കുകയുമില്ല, അത് ആരായാലും ശരി. എന്‍റെ സര്‍ക്കാരില്‍ എന്‍റെ കൂടെയുള്ളവരാണെങ്കിലും ശരി. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ ഈ നിമിഷം തന്നെ അയാളെ നീക്കിയിരിക്കും. ഇവിടെ ഒരു അധികാരകേന്ദ്രമേയുള്ളു, എന്‍റെ അധികാരകേന്ദ്രം. അവിടെ ഒരു അധികാര കേന്ദ്രം, ഇവിടെ മറ്റൊരു അധികാരം കേന്ദ്രം അങ്ങനെയൊന്നുമുണ്ടാകില്ല.
സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എല്ലാവരും ടിവികെ ഭരണത്തില്‍ നന്നായി വരും. ജനനം മുതല്‍ എല്ലാ ജീവജാലങ്ങള്‍ക്കും സമത്വം ഉറപ്പാക്കുക എന്നതാണ് വിട്ടുവീഴ്ചയില്ലാത്ത അടിസ്ഥാന സിദ്ധാന്തം. നിങ്ങള്‍ക്കൊപ്പം നമ്മുടെ ടിവികെ സര്‍ക്കാര്‍ കൂടെ നിക്കും. അതില്‍ ഒരു സംശയവും വേണ്ട. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മുഖമായിരിക്കും വിജയ്. അതില്‍ 100 ശതമാനം ഉറപ്പ്. ഇങ്ങനയൊരു അവസരം നല്‍കിയ എല്ലാം തമിഴ് ജനതയ്ക്കും നന്ദി.
ഒരു കൂട്ടര്‍ക്കും കൂടി നന്ദി പറയാനുണ്ട്, വിജയ് മാമന്‍റെ കുട്ടികൂട്ടുകാര്‍ക്ക്, അവര്‍ കാരണമാണ് ഇതെല്ലാം ഉണ്ടായത്. നിങ്ങള്‍ക്കെന്താണ് പകരം ചെയ്യേണ്ടത്. നിങ്ങളുടെ ഭാവി മനസില്‍ വച്ചിട്ട് എല്ലാ നല്ല കാര്യങ്ങളും ഈ വിജയ് മാമന്‍ ചെയ്യും.
അതുപോലെ ഇനി ഒരു കൂട്ടര്‍ക്ക് കൂടി പ്രധാനമായും നന്ദി പറയാനുണ്ട്. നിങ്ങളെ എങ്ങനെയാണ് ഞാന്‍ മറക്കുന്നത്, നിങ്ങളല്ലേ എന്‍റെ ജീവന്‍. തമിഴക വെട്രി കഴക സുഹൃത്തുക്കളേ, സത്യം പറഞ്ഞാല്‍ നിങ്ങളില്ലെങ്കില്‍ ഒന്നുമില്ല. എന്‍റെ സുഹൃത്തുക്കള്‍ക്കും ഭാരവാഹികള്‍ക്കും സൈബര്‍ പോരാളികള്‍ക്കും കോടാനുകോടി നന്ദി. നമ്മളെല്ലാവരും ചേര്‍ന്ന് പുതിയൊരു ഭരണം കാഴ്ചവക്കാം. ഇതൊരു പുതിയ തുടക്കമാവട്ടെ, യഥാര്‍ഥ മതേത സാമൂഹിക നീതിയുടെ കാലത്തിന് ഇന്ന് തുടക്കമാവുകയാണ്, വിജയ് പറഞ്ഞു.