ദേശീയസുരക്ഷാ കൗണ്‍സിലിന്‍റെ സൈനിക ഉപദേഷ്ടാവ് ലഫ്റ്റനന്‍റ് ജനറല്‍ എന്‍.എസ്.രാജാ സുബ്രഹ്മണിയെ ഇന്ത്യയുടെ സംയുക്തസേനാ മേധാവിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് അദ്ദേഹം. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍ ഈമാസം മുപ്പതിന് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമം. കരസേനാ ഉപമേധാവി പദവിയിലിരിക്കേയാണ് ലഫ്റ്റനന്‍റ് ജനറല്‍ രാജാ സുബ്രഹ്മണി ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നിയമിതനായത്. അതിന് മുന്‍പ് അദ്ദേഹം കരസേനയുടെ സെന്‍ട്രല്‍ കമാന്‍ഡിന്‍റെ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്–ഇന്‍–ചീഫ് ആയിരുന്നു.
സംയുക്ത സേനാമേധാവിയാകുന്നതോടെ ലഫ്റ്റനന്‍റ് ജനറല്‍ രാജാ സുബ്രഹ്മണി കേന്ദ്ര മിലിറ്ററികാര്യ സെക്രട്ടറിയുടെ ചുമതലയും ഏറ്റെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സംയുക്തസേനാമേധാവിയെന്ന നിലയില്‍ കര, വ്യോമ, നാവികസേനകളുടെ ഏകോപനമാണ് ലഫ്റ്റനന്‍റ് ജനറല്‍ രാജാ സുബ്രഹ്മണിയുടെ പ്രാഥമിക ഉത്തരവാദിത്തം. സംയുക്ത ഓപ്പറേഷനുകള്‍ സുഗമമാക്കുന്ന തിയറ്ററൈസേഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിന്‍റെ നേതൃത്വം അദ്ദേഹത്തിനായിരിക്കും. സംയോജിത മിലിറ്ററി കമാന്‍ഡുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇതുവഴി നിലവില്‍ വരും.
നാലുപതിറ്റാണ്ട് നീണ്ട സേവനത്തിനിടെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന സൈനിക ചുമതലകള്‍ വഹിച്ച അനുഭവസമ്പത്ത് ലഫ്റ്റനന്‍റ് ജനറല്‍ രാജാ സുബ്രഹ്മണിക്കുണ്ട്. അസമില്‍ വിഘടനവാദം ഇല്ലാതാക്കിയ ‘ഓപ്പറേഷന്‍ റൈനോ’യ്ക്ക് നേതൃത്വം നല്‍കിയത് രാജാ സുബ്രഹ്മണി നയിച്ച ഗഡ്‍വാള്‍ റൈഫിള്‍സ് ആയിരുന്നു. ജമ്മുകശ്മീരിലെ 168 ഇന്‍ഫന്‍ട്രി ബ്രിഗേഡ്, സെന്‍ട്രല്‍ സെക്ടറിലെ 17 മൗണ്ടന്‍ ഡിവിഷന്‍ എന്നീ സുപ്രധാന സൈനികവിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സ്ട്രൈക് കോര്‍ ഉള്‍പ്പെടെ ഒരേസമയം രണ്ട് കോറുകളുടെ നേതൃത്വം വഹിച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത രാജാ സുബ്രഹ്മണി 1985 ഡിസംബര്‍ പതിനാലിന് ഗഡ്‍വാള്‍ റൈഫിള്‍സിലെ എട്ടാം ബറ്റാലിയന്‍ വഴിയാണ് സൈന്യത്തില്‍ ചേരുന്നത്. യുകെയിലെ ബ്രാക്നെയിലിലുള്ള ജോയിന്‍റ് സര്‍വീസസ് കമാന്‍ഡ് സ്റ്റാഫ് കോളജിലും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജിലും ഉപരിപഠനം നടത്തി. ലണ്ടനിലെ കിങ്സ് കോളജില്‍ നിന്ന് എംഎയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും നേടി. പരംവിശിഷ്ട് സേവാ മെഡല്‍, അതിവിശിഷ്ട് സേവാമെഡല്‍, സേനാ മെഡല്‍, വിശിഷ്ട് സേവാമെഡല്‍ തുടങ്ങിയ ഉന്നത സൈനിക ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.