തമിഴ്നാട്ടില്‍ ഇടതുപാര്‍ട്ടികള്‍ ഡിഎംകെ നേതാക്കളെ കണ്ട് ചര്‍ച്ചകള്‍ നടത്തി. സിപിഎം, സിപിഐ, വിസികെ പാര്‍ട്ടി നേതാക്കളും എം.കെ.സ്റ്റാലിന്‍, കനിമൊഴി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉദയനിധി സ്റ്റാലിന്‍, എ.രാജ എന്നിവരും ചര്‍ച്ചയിലുണ്ടായിരുന്നു. 

 

അതേസമയം, ടിവികെയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം നാളെ തീരുമാനമെടുക്കുമെന്ന് എം എ ബേബി പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ ഉപദേശങ്ങൾ  ഉൾക്കൊണ്ട് സ്റ്റേറ്റ് സെക്രട്ടേറിയേറ്റും സ്റ്റേറ്റ് കമ്മിറ്റിയും യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നും എം എ ബേബി പറഞ്ഞു

 

Also Read: വിജയ്‌യെ പ്രതിപക്ഷത്തിരുത്താന്‍ നീക്കം?; തമിഴകത്ത് റിസോര്‍ട്ട് രാഷ്ട്രീയം, ഉദ്വേഗജനകം


അതേസമയം, വിജയ്‌യുടെ സത്യപ്രതിജ്ഞ വൈകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. 118 പേരുടെ പിന്തുണക്കത്ത് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്  ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഇന്ന് രാവിലെ വിജയ് ലോക്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഉ‌റച്ച സര്‍ക്കാര്‍ വേണമെന്ന നിലപാടാണ് കൂടിക്കാഴ്ചയില്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വീകരിച്ചത്. ആറുമാസത്തേക്ക്  ടിവികെ സര്‍ക്കാരിനെ ശല്യപ്പെടുത്തില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു. അതിനിടെ അണ്ണാ ഡിഎംകെ റിസോർട്ട് രാഷ്ട്രീയം സജീവമാക്കി

 

118 ആണ് തമിഴ്നാട്ടിലെ മാജിക് നമ്പർ. കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എം എൽ എമാരാണ് ടി വി കെയ്ക്ക് ഉള്ളത്. ടിവികെയ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകാമെന്ന മുൻ നിലപാടിൽ നിന്ന് അണ്ണാ ഡിഎംകെ പിൻമാറി. ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി അറിയിച്ചത്. ഇടത് പാർട്ടികളുടെ പിന്തുണ ടിവികെ തേടിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇന്ന് ഗവർണർ കേരളത്തിലേക്ക് തിരിച്ചുവരും. അതിനു മുൻപായി കേവലഭൂരിപക്ഷം തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ടി വികെ.

 

അതിനിടെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നുപോകുന്നത്. കുതിരക്കച്ചവടം ഭയന്ന് 15-ലധികം അണ്ണാ ഡിഎംകെ എംഎൽഎമാരെ അയൽസംസ്ഥാനമായ പുതുച്ചേരിയിലെ പ്രമുഖ റിസോർട്ടിലേക്ക് മാറ്റിയതായാണ് വിവരം. പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം ആണ് എംഎൽഎമാരെ മാറ്റുന്നതിന് നേതൃത്വം നൽകുന്നത്. പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ എന്ന റിസോർട്ടിൽ 20-ലധികം മുറികളാണ് പാർട്ടി ബുക്ക് ചെയ്തിരിക്കുന്നത്.

 

നിർണ്ണായകമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ എംഎൽഎമാരെ മറ്റ് പാർട്ടികൾ സ്വാധീനിക്കാതിരിക്കാനും ഐക്യം നിലനിർത്താനുമാണ് അണ്ണാ ഡിഎംകെ ഈ നീക്കം നടത്തുന്നത്. കൂടുതൽ എംഎൽഎമാർ വൈകാതെ തന്നെ റിസോർട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാർ രൂപീകരണത്തിൽ വ്യക്തത വരുന്നത് വരെ തങ്ങളുടെ പക്ഷത്തുള്ളവർ കൂറുമാറില്ലെന്ന് ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം.

 

നിലവില്‍ ഡിഎംകെയ്ക്ക് 59 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 അംഗങ്ങളുമാണുള്ളത്. ഇരുവര്‍ക്കും കൂടി 106സീറ്റുമാത്രമേ കിട്ടുന്നുള്ളൂ. ഡിഎംകെ ഘടകക്ഷികളായ വിസികെ, ഇടതുപാര്‍ട്ടികള്‍, ഡിഎംഡികെ തുടങ്ങിയവയും അണ്ണാ ഡിഎംകെ ഘടകക്ഷികളായ പിഎംകെ, അമ്മ മക്കള്‍ മുന്നേറ്റ കഴകം, എന്നിവയും ചേര്‍ന്നാല്‍ മാത്രമേ ഭൂരിപക്ഷത്തിനുള്ള 118സീറ്റ് ലഭിക്കൂ.

 

അതേസമയം ബിജെപി ബന്ധം അണ്ണാഡിഎംകെ ഉപേക്ഷിക്കാതെ ഡിഎംകെ സഖ്യകക്ഷികള്‍ ഈ നീക്കത്തിനു കൈ കൊടുക്കാനിടയില്ലെന്നാണ് സൂചന. സഖ്യം യാഥാര്‍ഥ്യമായാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദം ഇരുകക്ഷികളും പങ്കിടാനാണ് ആലോചന. എന്നാല്‍ ചര്‍ച്ച നടക്കുന്നതായുള്ള വാര്‍ത്തകള്‍ ഡിഎംകെ നിഷേധിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports on crucial discussions between left parties and DMK leaders in Tamil Nadu, marking a significant political development. These talks involve key figures like MK Stalin and Kanizmozhi, aiming to navigate the complex political landscape.