prakash-raj-vijay

വിജയ്​യുടേയും ടിവികെയുടേയും വിജയത്തില്‍ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. കാമരാജും എം.കെ.സ്റ്റാലിനും തോറ്റെന്നും സമൂഹം ആരാധക കൂട്ടമായെന്നും പ്രകാശ് രാജ് പറഞ്ഞു. ഒരു രാഷ്ട്രീയ സമൂഹമായിട്ടില്ലെന്ന് തെളിഞ്ഞു. രാഷ്ട്രീയ അവബോധം വളര്‍ത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ ജോലിയാണ് എപ്പോഴും. നമുക്ക് യാത്ര തുടരാം. വിജയകരമായ പൊതുപ്രവര്‍ത്തനത്തിന് വിജയികള്‍ക്ക് ആശംസകള്‍, എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രകാശ് രാജ് കുറിച്ചു. ജസ്റ്റ് ആസ്കിങ് എന്ന ടാഗും ഇതിനോടൊപ്പം പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. 

തിരഞ്ഞെടപ്പ് പ്രചരണ വേദികളിലെല്ലാം വിജയ്​യെ നിശിതമായി പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു.  തമിഴ്നാട്ടില്‍ ഇപ്പോള്‍ “ദ്രാവിഡ മോഡല്‍, അടിമ മോഡല്‍, സിനിമ മോഡല്‍” എന്നീ മൂന്ന് രാഷ്ട്രീയ ശൈലികളാണുള്ളതെന്നും വിജയ്​യുടെ രാഷ്ട്രീയം “സിനിമ മോഡല്‍” ആണെന്നും അദ്ദേഹം ആരോപിച്ചു. സിനിമയിലെ ജനപ്രീതി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. സിനിമയില്‍ ഡോക്ടറായും മുഖ്യമന്ത്രിയായും അഭിനയിക്കാം. പക്ഷേ യഥാര്‍ഥ രാഷ്ട്രീയത്തിന് പ്രതിബദ്ധത വേണം എന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷ, നീറ്റ്, സംസ്ഥാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിജയ് മുന്‍പ് എത്രത്തോളം സജീവമായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

അതേസമയം വിജയത്തിന് പിന്നാലെ സിനിമാ താരങ്ങളെല്ലാം വിജയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ആദ്യതിരഞ്ഞെടുപ്പില്‍ തന്നെ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച് മികച്ച വിജയം നേടിയ വിജയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കമല്‍ ഹാസന്‍ എക്സില്‍ കുറിച്ചു. വിജയിയെ രജനീകാന്ത് ഫോണിലൂടെ അഭിനന്ദിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ചിരഞ്ജീവി, എ.ആര്‍.റഹ്മാന്‍, മഹേഷ് ബാബു, ശിവകാര്‍ത്തികേയന്‍, നയന്‍താര, സൂര്യ, മീന, രശ്മിക മന്ദാന തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് വിജയ്​യെ അഭിനന്ദിച്ചത്.

ENGLISH SUMMARY:

Prakash Raj criticised Vijay and TVK’s electoral success, saying Tamil Nadu has become a “fan society” rather than a politically aware society. He remarked that leaders like Kamaraj and M.K. Stalin had “lost” in the larger ideological sense and stressed that it is the opposition’s duty to build political awareness among people. Despite his criticism, Prakash Raj wished the winners success in public service in his post shared on X with the tag “Just Asking.”