ഡൽഹി ജഡ്ജി  അമൻ കുമാർ ശർമ്മയെ ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നിലവിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

"നിലവിൽ കുറ്റകൃത്യങ്ങൾ നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണ്," എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജഡ്ജിയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.

പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018-ൽ നിയമബിരുദം പൂർത്തിയാക്കിയ അമൻ കുമാർ ശർമ്മ, 2021 ജൂൺ 19-നാണ് ഡൽഹി ജുഡീഷ്യൽ സർവീസസിൽ പ്രവേശിച്ചത്. സർവീസിനിടെ നിരവധി ക്രിമിനൽ, സിവിൽ കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ജെ.എം.എഫ്.സി), സിവിൽ ജഡ്ജി എന്നീ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

2025 ഒക്ടോബർ 18 മുതൽ കർക്കാർഡൂമ കോടതികളിൽ വടക്കുകിഴക്കൻ ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) മുഴുവൻ സമയ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ENGLISH SUMMARY:

A judge was found dead in his home in Delhi's Safdarjung Enclave area; Delhi police have officially confirmed the death of Judge Aman Kumar Sharma, who was found to have committed suicide at his residence on Saturday.